തിരുവനന്തപുരം: ലോക്ക് ഡൗണിൽ കായിക മേഖലയാകെ ലോക്കായിരിക്കുന്ന സമയത്ത്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്ട്രൈക്കർമാരായി ജനങ്ങൾക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് ഇന്ത്യൻ ടീമിന്റെയും ജംഷഡ്പൂർ എഫ്.സിയുടെയും മുന്നണിത്താരമായ സി.കെ. വിനീതും ഗോകുലം വനിതാ ടീമിനെ ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗ് ചാമ്പ്യൻമാരാക്കിയ പരിശീലക പി.വി. പ്രിയയും. കണ്ണൂർ ജില്ലാ പഞ്ചായത്ത് ലോക്ക് ഡൗണിലായ ജനങ്ങളെ സഹായിക്കാൻ തുടങ്ങിയ ഹെൽപ്പ് ലൈൻ സെന്ററിലാണ് ഇരുവരും കൊവിഡ് പ്രതിരോധത്തിന്റെ ജേഴ്സിയണിഞ്ഞ് എല്ലാവർക്കും മാതൃകയായിരിക്കുന്നത്.
ഈ വിഷുവേളയിൽ മാഹാവിപത്തിൽ നിന്നും രക്ഷ നേടി സമൃദ്ധിയും ഐശ്വര്യവും നിറയുന്ന നല്ല നാളെയുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇരുവരും.
ജില്ലാ പഞ്ചായത്തും സ്പോർട്സ് കൗൺസിലും ഇങ്ങനെയൊരു കാര്യത്തിനായി സമീപിച്ചപ്പോൾ ഒരു മടിയും പറയാതെ രണ്ട് പേരും സമ്മതം മൂളുകയായിരുന്നു. ഹെൽപ്പ് ലൈൻ കാൾ സെന്ററിന്റെ പ്രവർത്തനത്തിൽ തുടക്കം മുതൽ തന്നെ ഇരുവരും ഉണ്ട്. ജനങ്ങൾ വിളിക്കുമ്പോൾ കോൾ എടുത്ത് അവർക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതിയെടുക്കുകയും പട്ടിക വോളണ്ടിയർമാർക്ക് കൈമാറുകയുമാണ് ഇവരുടെ ജോലി. ദിവസവും നൂറിലധികം കോളുകളാണ് ഇങ്ങനെ കൈകാര്യം ചെയ്യുന്നത്. നടി നിഖില വിമൽ, കേരള ഫുട്ബാൾ ടീം ക്യാപ്ടനും ഗോളിയുമായ വി. മിഥുൻ എന്നിവരെല്ലാം ഹെൽപ്പ് ലൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തി ജോലികളിൽ പങ്കാളികൾ ആയിരുന്നു. കൊവിഡിനെതിരായ എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും പാലിച്ചാണ് ഹെൽപ്പ് ലൈനിലെ ജോലികൾ നടക്കുന്നത്.