spain

മാഡ്രിഡ് : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുമായി സ്പെയിൻ. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെ‌യ്‌തിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സ്പെയിൻ. ആഴ്‌ചകളായി തുടരുന്ന ലോക്ക്ഡൗണിൽ സമ്പദ് വ്യവസ്ഥ നിശ്ചലമായതിനെ തുടർന്നാണ് ഇളവുകൾ നൽകാനുള്ള തീരുമാനം.

നിർമാണ മേഖല, ഫാക്‌ടറികൾ ഉൾപ്പെടെയുള്ള അവശ്യമേഖലകൾക്കാണ് കർശന ഉപാധികളോടെ ഇളവുകൾ നൽകിയിരിക്കുന്നത്. മറ്റുള്ളവർ വീടുകളിൽ തന്നെ തുടരണം. ഇറ്റലിയിലും ഇന്ന് ചെറുകിട സ്ഥാപനങ്ങൾ കർശന നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. സ്പെയിനിൽ 10 ലക്ഷത്തോളം ഫേസ്‌ മാസ്‌കുകൾ ഇളവുകൾ ലഭിച്ചിരിക്കുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യും.

സ്പെയിനെ സംബന്ധിച്ചിടത്തോളം ടൂറിസ്‌റ്റുകൾ ഏറ്റവും കൂടുതൽ എത്തുന്ന സീസണാണ് ഈ‌സ്‌റ്റർ. സ്‌പാനിഷ് കലണ്ടർ പ്രകാരം നിരവധി ഈസ്‌റ്റർ ആഘോഷങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നത്. എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈസ്‌റ്റർ ദിനത്തിൽ സ്പെയിൻ യാതൊരു ആഘോഷവുമില്ലാതെ കടന്നുപോയത്. വീടുകളിൽ കഴിയുന്ന വിശ്വാസികൾക്കായി ചില പള്ളികളിൽ നിന്നും ഈസ്‌റ്റർ ശുശ്രൂഷ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. പോയ വർഷത്തെ ഈസ്‌റ്റർ ആഘോഷങ്ങൾ കാണാനുള്ള അവസരം ചില വെബ്സൈറ്റുകളും ഒരുക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 517 പേരാണ് സ്പെയിനിൽ മരിച്ചത്. 17,​480 പേരാണ് ഇതിനകം രാജ്യത്ത് ആകെ മരിച്ചത്. 169,496 പേർക്ക് ഇതേവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.