മോസ്‌കോ: കള്ളം പറയുന്നതിൽ ഒരുളുപ്പുമില്ല. കൊവിഡ് റഷ്യയെ ബാധിക്കില്ലെന്ന റഷ്യൻ പ്രസിഡന്റിന്റെ വാദം പൊളിയുന്നു. മോസ്‌കോയിലെ ആശുപത്രിയ്ക്ക് മുൻപിൽ 45 ആംബുലൻസുകൾ വരിയിൽ നിൽക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യയും നീങ്ങുകയാണെന്ന് ഉറപ്പായി.
റഷ്യയുടെ തലസ്ഥാന നഗരി കൊവിഡ് മൂലം ദുരിതമനുഭവിക്കുകയാണെന്നാണ് സൂചന. കൊവിഡ് രോഗികളുമായി നഗരത്തിലെ ക്ലിനിക്കുകൾക്ക് മുന്നിൽ ആംബുലൻസുകളുടെ നീണ്ട നിരയാണ്. വീഡിയോയിൽ ഏകദേശം 45 ആംബുലൻസുകളാണ് രോഗികളുമായി ഊഴം കാത്ത് കിടക്കുന്നത്. മോസ്‌കോയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്.
മോസ്‌കോയോട് ചേർന്ന് കിടക്കുന്ന ഖിംകി പ്രദേശത്തെ ഷെറെമെട്യോവ് വിമാനത്താവളത്തിനടുത്തുള്ള ആശുപത്രിയിലാണ് ഈ നീണ്ട നിര കാണപ്പെട്ടത്. ഇതുവരെ 130 മരണങ്ങളാണ് റഷ്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. 15,770 പേർക്ക് രോഗബാധയുണ്ടെന്നാണ് ഒദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ പല മടങ്ങ് വരുമെന്നാണ് ആശുപത്രികൾക്ക് മുന്നിലെ നീണ്ട നിരകൾ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നിട്ടും രോഗവ്യാപനം കാര്യമായി തടയാനാവുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.