മാർച്ചിൽ നഷ്‌ടം 45 ശതമാനം
ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണിൽ തട്ടി വാഹന വിപണി മാർച്ചിൽ റെക്കാഡ് നഷ്‌ടത്തിലേക്ക് വീണു. എല്ലാ ശ്രേണികളിലുമായി മാർച്ചിൽ ആകെ വിറ്റുപോയത് 10.50 ലക്ഷം വാഹനങ്ങളാണെന്ന് നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്സ് (സിയാം) വ്യക്തമാക്കി. നഷ്‌ടം 45 ശതമാനം. 2019 മാർച്ചിൽ വില്‌പന 19.08 ലക്ഷം യൂണിറ്റുകളായിരുന്നു.
നഷ്‌ടത്തിന്റെ ട്രാക്കിൽ
51%
മാർച്ചിൽ പാസഞ്ചർ വാഹന വില്പന നഷ്‌ടം 51%. ആകെ വിറ്റത് 1.43 ലക്ഷം യൂണിറ്റുകൾ. 2019 മാർച്ചിൽ 2.91 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റുപോയിരുന്നു.
88.95%
രാജ്യത്ത് സമ്പദ്‌സ്ഥിതി മോശമാണെന്ന് വ്യക്തമാക്കുന്നതാണ് വാണിജ്യ വാഹനങ്ങൾ നേരിട്ട 88.95 ശതമാനം വില്പനയിടിവ്. 1.09 ലക്ഷത്തിൽ നിന്ന് വെറും 13,027 യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസം വില്പന കൂപ്പുകുത്തിയത്.
39.83%
ടൂവീലർ വില്പന നഷ്‌ടം 39.83 ശതമാനം. വില്പന 14.40 ലക്ഷം യൂണിറ്റുകളിൽ നിന്ന് 8.66 ലക്ഷത്തിലേക്ക് താഴ്‌ന്നു.
''ഇന്ത്യൻ വാഹനലോകം നേരിട്ട ഏറ്റവും വെല്ലുവിളിയേറിയ മാസമായിരുന്നു മാർച്ച്. ലോക്ക്ഡൗൺ മൂലം ഉത്‌പാദനവും വിതരണവും നിലച്ചു. പ്രതിദിനം 2,300 കോടി രൂപയുടെ നഷ്‌ടമാണ് വാഹന നിർമ്മാണ മേഖല കുറിക്കുന്നത്"",
രാജൻ വധേര,
സിയാം പ്രസിഡന്റ്
തകർച്ചയുടെ വർഷം
വാഹന വിപണി മറക്കാൻ കൊതിക്കുന്ന വർഷമാണ് 2019-20. എല്ലാ ശ്രേണികളിലുമായി വില്പന നഷ്‌ടം 17.96 ശതമാനം. ആകെ വിറ്റത് 2.15 കോടി വാഹനങ്ങൾ. 2018-19ൽ വില്പന 2.62 കോടിയായിരുന്നു.
നഷ്‌ടക്കണക്ക്:-
ടൂവീലർ : 17.76%
പാസഞ്ചർ വാഹനം : 17.82%
വാണിജ്യ വാഹനം : 28.75%