ബി.ടെക്കും യു.എസിൽ നിന്ന് എം.ബി.എയും കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കുറച്ച് സ്ഥലം നൽകി,​ അച്ഛൻ പറഞ്ഞു: നിന്റെ വഴി നീ തന്നെ വരയ്‌ക്കണം. അങ്ങനെ വരച്ചെടുത്ത വഴിയാണ് ശ്രീധന്യാ ഹോംസ്. ലോക്ക് ഡൗണിന്റെ ഇടവേളയിലിരുന്ന് ശ്രീധന്യാ ഹോസ് മാനേജിംഗ് ഡയറക്‌ടർ ധന്യാ ബാബു പറയുന്നു,​ അടച്ചിട്ടകാലത്തെ പുതിയ വഴികൾ

ലോക്ക് ഡൗണിൽ ഓഫീസിൽപ്പോക്ക് മുടങ്ങിയെങ്കിലും തിരുവനന്തപുരം വെള്ളയമ്പലത്ത്,​ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനടുത്ത് ശ്രീധന്യാ അപെക്സ് അപ്പാർട്ട്മെന്റ്സിന്റെ മുകൾനിലയിലെ ഫ്ളാറ്റിലിരുന്നാൽ ധന്യാ ബാബുവിന്റെ ബിസിനസ് 'മേൽനോട്ടം' തടസ്സമില്ലാതെ നടക്കും! കാരണം,​ നേരെ എതിർവശത്താണ് ശ്രീധന്യാ ഹോംസിന്റെ കോർപ്പറേറ്ര് ഓഫീസ്. വീട്ടിലിരുന്ന് ഓൺലൈനിൽ ബിസിനസ് കാര്യങ്ങൾ ഏകോപിപ്പിക്കുമ്പോഴും ഇടയ്‌ക്ക് ജനാലയിലൂടെ 'നേരിട്ടുള്ള മേൽനോട്ടം!'

ലോക്ക് ഡൗൺ പ്രഖ്യാപിച്ചയന്ന് വീട്ടിൽക്കയറിയതാണ് ശ്രീധന്യാ ഹോംസ് മാനേജിംഗ് ഡയറ‌ക്‌ടർ ധന്യാ ബാബു. കൺസ്ട്രക്‌ഷൻ ബിസിനസുമായി മാസത്തിൽ പാതിയും ദുബായ് ആയിരുന്നു ലൊക്കേഷൻ. കമ്പനി ഡയറ‌ക്ടർ ആയ ഭാര്യ ശ്രുതി ലാലും മകൾ അഞ്ചു വയസുകാരി ശ്രീനിതയും യാത്രകളിൽ മിക്കവാറും ഒപ്പമുണ്ടാവും. യാത്രകൾ ഇല്ലാത്തപ്പോഴും,​ ഓഫീസ് വിട്ടാൽ വീട് എന്നതാണ് ലൈഫ് സ്റ്റൈൽ. തലസ്ഥാനത്തെ ക്ളബുകളിലെല്ലാം മെം‌ബർഷിപ്പ് ഉണ്ടെങ്കിലും ശ്രീധന്യാ അപെക്‌സിന്റെ മുകൾനിലയിലെ ഫ്ളാറ്റിനെക്കാൾ വലിയ 'പ്രിയരാജ്യം' വേറെയില്ല.

പുറത്തു പോകാനാകുന്നില്ലെങ്കിലും തീരെ ബോറടിയില്ല. ഓഫീസിൽ നേരിട്ട് പോകുന്നില്ലെങ്കിലും,​ ഓൺലൈനിൽ കമ്പനി കാര്യങ്ങളെല്ലാം ലൈവ്. വീട്ടിൽ ഇപ്പോൾ അനുജത്തി ശ്രീധന്യയുടെ കുഞ്ഞ്,​ സനാ ശങ്കറുമുണ്ട്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ ഭാര്യയാണ് ശ്രീധന്യ. താമസം കൊട്ടാരക്കരയിൽ. മോളെയും അനുജത്തിയുടെ മോളെയും ചെസ് പഠിപ്പിക്കലാണ് ഇപ്പോഴത്തെ പ്രധാന ടാസ്‌ക്. ഭാര്യ ശ്രുതിക്ക് ചെസിനെക്കാൾ കമ്പം കുക്കിംഗ് ആയതുകൊണ്ട് ആ വഴി വരില്ല.

ക്വാറന്റൈൻ

തന്ന വായന

കോളേജ് കാലത്തെ വായന തിരിച്ചെടുത്തതാണ് ലോക്ക് ഡൗണിലെ വലിയ സന്തോഷങ്ങളിലൊന്ന്. ഇംഗ്ളീഷാണ് പ്രിയം. ആൻ ഫ്രാങ്കിന്റെ 'ദ ഡയറി ഒഫ് എ യംഗ് ഗേൾ' (ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ)​ ഒരുപാട് കാലത്തിനു ശേഷം വീണ്ടും വായിക്കുന്നു. നാസി കൂട്ടക്കുരുതിയുടെ കാലത്ത് ഒളിവു ജീവിതത്തിന്റെ 'ക്വാറന്റൈനിൽ' ആയിരുന്നല്ലോ ആൻ ഫ്രാങ്ക് എന്ന് ആ പുസ്തകം പുനർവായനയ്ക്കെടുത്തതിന് ബാബുവിന്റെ ന്യായം. ഇടയ്‌ക്ക് പാചകത്തിന് ഭാര്യയ്‌ക്കൊപ്പം കൂടും. പണ്ടും,​ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന ശീലം അധികമില്ലാത്തതുകൊണ്ട് ആ വഴിക്കും ബോറടിയില്ല. ഹോട്ടൽ അടച്ചിട്ട് ധന്യാ ബാബുവിനെ തോല്പിക്കാൻ ഒരു ലോക്ക് ഡൗണിനും പറ്റില്ല. കാരണം,​ ഇഷ്ടഭക്ഷണം കഞ്ഞിയും പയറും.

കൊവിഡ് കാലത്തിനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിൽ സംഭവിക്കാവുന്ന മാറ്റങ്ങൾ മുന്നിൽക്കണ്ട്,​ വ്യത്യസ്‌തമായ ചില മാർക്കറ്റിംഗ് രീതികളുടെ ഡിസൈൻ ആണ് മനസ്സിൽ. അതിന്റെ തുടക്കമെന്ന നിലയിലാണ് ലോക്ക് ഡൗൺ തുടങ്ങിയപ്പോൾത്തന്നെ ശ്രീധന്യാ ഹൗസിംഗ് പ്രോജക്‌ടുകളിലെ കസ്റ്റമേഴ്സിനായി കാൾ സെന്റർ തുടങ്ങിയത്. ഏതു പ്രോജക്‌ടിലെയും താമസക്കാർക്ക് ലോക്ക് ഡൗൺ കാലത്ത് മരുന്നുകൾ ഉൾപ്പെടെ ആവശ്യമുള്ളതെന്തും ഡെലിവറി ചാർജ് ഇല്ലാതെ വീട്ടിലെത്തിക്കും. പ്രായംചെന്നവർ ഉള്ള ഒരുപാട് അപ്പാർട്ട്മെന്റുകൾ ഉണ്ട്. അവർക്കൊക്കെ വലിയ സഹായമാണ് കാൾ സെന്റർ. ദിവസവും ഇങ്ങനെ അമ്പതിലധികം കാളുകൾ വരും.

സ്വയം വരച്ച

വഴികൾ

ബി.ടെക്കും യു.എസിലെ ഫ്ളോറി‌ഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും കഴിഞ്ഞ് നാട്ടിലെത്തി, അച്ഛന്റെ ബിസിനസിൽ പങ്കാളിയാകുമ്പോൾ ധന്യാ ബാബുവിന് 22 വയസ്സ്. അച്ഛൻ കിളിമാനൂർ ചന്ദ്രബാബുവിന്റെ ശ്രീധന്യാ കൺസ്ട്രക്‌ഷൻസിനു കീഴിൽ ഹൗസിംഗ് പ്രോജക്‌ടുകളല്ല,​ റോഡുകളും മറ്റും ഉൾപ്പെടെ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്മെന്റ് ജോലികളായിരുന്നു പ്രധാനം. ശ്രീകാര്യത്ത് കുറച്ചു സ്ഥലം തന്നിട്ട് അച്ഛൻ പറഞ്ഞു: നിന്റെ വഴി നീ തന്നെ വരച്ചെടുക്കണം! അപ്പോൾ,​ ധന്യാ ബാബു ബിസിനസിൽ വരച്ചെടുത്ത വഴിയാണ് ശ്രീധന്യാ ഹോംസ്.

തിരുവനന്തപുരത്തു മാത്രം ഉപഭോക്താക്കൾക്കു കൈമാറിയ എട്ടു പ്രോജക്‌ടുകൾ. സന്തുഷ്‌ടരായ അറുന്നൂറോളം കസ്റ്റമേഴ്സ്. ആക്കുളത്തും ബേക്കറി ജംഗ്ഷനിലും കോട്ടൺഹില്ലിലും ഈശ്വരവിലാസം റോഡിലും പുതിയ പ്രോജക്‌ടുകൾ. ദുബായിൽ കൺസ്‌ട്രക്‌ഷൻ ബിസിനസ്. അവിടത്തെ കാര്യങ്ങൾ നോക്കാനാണ് മാസത്തിൽ പാതിദിവസത്തെ ദുബായ് യാത്ര. സ്വന്തം ജീവനക്കാർ‌ നൂറോളം.അധികം ജോലികളും സബ് കോൺട്രാക്റ്റ് കൊടുത്തിരിക്കുകയാണ്. ലോക്ക് ഡൗൺ ആയപ്പോൾ മുഴുവൻ ജീവനക്കാർക്കും ശമ്പളം അഡ്വാൻസ് കൊടുത്തു. നമ്മളെ ആശ്രയിച്ച് ജോലിചെയ്യുന്നവരാണ്. അവരുടെ സംതൃപ്‌തിയാണ് ബിസിനസിന്റെ വിജയങ്ങളിലൊന്ന്.

കുടുംബം എന്ന

സ്വർഗലോകം

ആറു വർഷം മുമ്പ് കല്യാണം കഴിഞ്ഞപ്പോഴാണ് വെള്ളയമ്പലത്ത് കമ്പനിയുടെ തന്നെ ശ്രീധന്യ അപെക്സ് അപ്പാർട്ട്മെന്റ്സിലേക്ക് താമസം മാറിയത്. അച്ഛനും അമ്മയും ജവഹർ നഗറിലെ വീട്ടിൽ. ലോക്ക് ഡൗൺ ആയതുകൊണ്ട് പോക്കുവരവ് കുറവ്. ലോക്ക് ഡൗണിനു തൊട്ടു മുമ്പ് കൊട്ടാരക്കരയിൽ,​ അനുജത്തിയെ കാണാൻ ചെന്നപ്പോൾ കൊണ്ടുപോന്നതാണ് കുഞ്ഞുമോളെ. ഇവിടെയാകുമ്പോൾ കളിക്കാൻ ആളുള്ളതുകൊണ്ട് രണ്ടുപേരും ഹാപ്പി.

ഒൻപതുമണിക്ക് ഓഫീസ് എന്നതായിരുന്നു പ്രീ‌- ലോക്ക് ഡൗൺ ശീലം. ഭാര്യ ശ്രുതിയും കാണും കൂടെ. മീറ്റിംഗും കൺട്രക്‌‌ഷൻ സൈറ്റുകളിലേക്ക് യാത്രയും ഒക്കെയായി നല്ല തിരക്കുണ്ടാവും. ഉച്ചയ്‌ക്ക് ഊണിന് വീട്ടിലേക്കു പോയി,​ മടക്കം. ശ്രുതി വൈകിട്ട് അഞ്ചിന് ഇറങ്ങിയാലും ഓൺലൈൻ മീറ്റിംഗുകളും പ്രോജക്‌ട് ഡിസൈൻ ചർച്ചയുമായി ധന്യാ ബാബു രാത്രി ഒൻപതു വരെ അവിടെത്തന്നെ കാണും. മടങ്ങിച്ചെന്ന് മോളുമൊത്ത് കുറച്ച് ഗുസ്‌തി. സിനിമയ്‌ക്കു പോക്കൊക്കെ ഉണ്ടായിരുന്നു. സെക്കൻഡ് ഷോ ആണ് സ്ഥിരം. ഇപ്പോൾ വീട്ടിൽ ടിവി കാണും. പിന്നത്തെയിഷ്‌ടം ഫുട്ബോളും ക്രിക്കറ്റും. ടിവിയിൽ എത്ര നേരം വേണമെങ്കിലും ലൈവ് കണ്ട് ഇരിക്കും. പഠിക്കുന്ന കാലത്ത് കളിയല്ല,​ കംപ്യൂട്ടർ ഗെയിമുകളായിരുന്നു കമ്പം.

ലോക്ക് ഡൗൺ

തന്ന താടി!

ധന്യാ ബാബുവും ശ്രുതിയും ഓഫീസിൽപ്പോകുമ്പോൾ മകൾ ശ്രീനിതയെ അടുത്തു തന്നെയുള്ള 'ടെഡി ബഡ്ഡീസി'ലാക്കും. ഡേ കെയറിൽ വിട്ട് നേരത്തെ ശീലിപ്പിച്ചതുകൊണ്ട് വഴക്കില്ല. ശ്രുതിക്ക് ബിസിനസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ പാചകത്തിലും കവിഞ്ഞ മറ്റൊരു ഇഷ്‌ടജോലിയുണ്ട്: വീട് വൃത്തിയാക്കൽ! അത് എത്ര നേരം വേണെങ്കിലും ചെയ്തുകൊള്ളുമെന്ന് ഭർത്താവിന്റെ കമന്റ്. തൊട്ടടുത്ത ഫ്ളാറ്റിലായിരുന്നു ഈസ്റ്റർ ആഘോഷം. അവർ ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ ചെന്നു. അല്ലാതെ,​ പുറത്ത് സുഹൃത്തുക്കളുമൊത്തുള്ള പരിപാടിയൊന്നും ഇല്ല.

നാല്പതു വർഷം മുമ്പ് അച്ഛൻ കൺസ്ട്രക്‌ഷൻ ബിസിനസ് തുടങ്ങിയപ്പോൾ ഇട്ട പേരാണ് ശ്രീധന്യ. എനിക്ക് അനുജത്തി ഉണ്ടായപ്പോൾ അവൾക്കിട്ടത് കമ്പനിയുടെ പേരു തന്നെ: ശ്രീധന്യ! മക്കളുടെ പേര് കമ്പനിക്ക് ഇടുന്ന പതിവല്ലാതെ, തിരിച്ചൊരു സംഭവം ആദ്യമായിരിക്കുമെന്ന് ധന്യാ ബാബുവിന്റെ പൊട്ടിച്ചിരി. ലോക്ക് ഡൗൺ കാലം എന്തു തന്നെന്നു ചോദിച്ചാൽ,​ കുടുംബവുമൊത്ത് കൂടുതൽ സമയമെന്ന് മറുപടി. പിന്നെ,​ മറ്റൊന്നു കൂടിയുണ്ട്: 'എന്റെ താടി. ലോക്ക് ഡൗൺ വരെ താടിക്കാരനല്ലാതിരുന്ന ഞാൻ അങ്ങനെ കൊവിഡ് കാരണം താടിക്കാരനുമായി!'