തിരുവനന്തപുരം: മേടമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, അസി. എക്സിക്യൂട്ടീവ് ഓഫീസർ ജയപ്രകാശ്, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂർ, ജൂനിയർ സൂപ്രണ്ട് വാസുപ്പോറ്റി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിഷുദിനമായ ഇന്ന് പുലർച്ചെ 5 ന് നട തുറന്ന് അയ്യപ്പനെ വിഷുക്കണി കാണിക്കും. തുടർന്ന് തന്ത്രി കൈനീട്ടം വിതരണം ചെയ്യും. ശേഷം പതിവ് അഭിഷേകം.
ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ നട അടയ്ക്കുന്നതും
തുറക്കുന്നതുമായ സമയത്തിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. പുലർച്ചെ 5 ന് നടതുറന്നാൽ ഉഷപൂജയും ഉച്ചപൂജയും കഴിഞ്ഞ് രാവിലെ 10 ന് നട അടയ്ക്കും. വൈകിട്ട് 5 ന് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന, 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7 .30 ന് ഹരിവരാസനം പാടി നട അടയ്ക്കും.