നഷ്ടം എെ.ഒ.സിയും ജപ്പാനും ചേർന്ന് വഹിക്കുമെന്നും തോമസ് ബാച്ച്
ലണ്ടൻ : ടോക്കിയോ ഒളിമ്പിക്സ് 2021ൽ നിന്ന് ഇനിയും മാറ്റിവയ്ക്കാനാവില്ലെന്ന് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്. അടുത്ത വർഷവും ഗെയിംസ് നടക്കുമോ എന്ന് ഉറപ്പില്ലെന്ന് ടോക്കിയോ ഗെയിംസ് സി.ഇ.ഒ തോഷിറോ മുട്ടോ കഴിഞ്ഞ ദിവസം പ്രസ്താവിച്ചതിന് ഒരു അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു ബാച്ച്. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബ്ബെയും ടോക്കിയോ സംഘാടക സമിതിയും ഇക്കാര്യത്തിൽ തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ബാച്ച് പറഞ്ഞു.
ലോകത്ത് കൊവിഡ് 19 രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചുതുടങ്ങിയപ്പോഴും ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ തോമസ് ബാച്ച് തയ്യാറായിരുന്നില്ല. ആസ്ട്രേലിയയും കാനഡയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ബഹിഷ്കരണ ഭീഷണി മുഴക്കിയപ്പോഴാണ് ബാച്ച് തീരുമാനം മാറ്റിയത്. അതിനാൽത്തന്നെ 2021ലും ഗെയിംസ് നടക്കുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന മുട്ടോയുടെ വാക്കുകൾ ബാച്ചിനെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഗെയിംസ് മാറ്റിവച്ചതിലൂടെ ഇതിനകം ദശലക്ഷക്കണക്കിന് ഡോളർ ഐ.ഒ.സിക്ക് നഷ്ടം വന്നതായി ബാച്ച് പറഞ്ഞു. മാറ്റിവച്ചതിനാൽ രണ്ടു മുതൽ ആറുവരെ ശതകോടി ഡോളർ അധികച്ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിൽ ഐ.ഒ.സിയുടെ പങ്ക് കഴിഞ്ഞുള്ള നഷ്ടം ജപ്പാനാണ് വഹിക്കേണ്ടതെന്നും ബാച്ച് പറഞ്ഞു. 2013ൽ ടോക്കിയോ സംഘാടക സമിതിയുമായി ഒപ്പിട്ട കരാറിൽ ഇക്കാര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് മാറ്റിവച്ചാൽ ഇൻഷ്വറൻസ് ലഭിക്കില്ലെന്നും ഉപേക്ഷിച്ചാൽ മാത്രമേ അതിനുള്ള വകുപ്പുള്ളൂ എന്നും ബാച്ച് അറിയിച്ചു.
വീണ്ടും സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അതിന് ഇനിയുമേറെ സമയമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഉത്തേജക പരിശോധനയിൽ ഇളവില്ല
കൊവിഡ് ഭീഷണി കാരണം അത്‌ലറ്റുകളെ ഉത്തേജക പരിശോധനയിൽ നിന്ന് ഒഴിവാക്കുമെന്ന ധാരണ വേണ്ടെന്ന് ബാച്ച് പറഞ്ഞു.
ഒളിമ്പിക്സിന് മുമ്പ് ഉത്തേജക പരിശോധനയ്ക്ക് പുതിയ രീതി ആവിഷ്ക്കരിക്കും
.നാല് വർഷത്തെ ഉത്തേജക വിലക്കിൽ കഴിയുന്ന റഷ്യയെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ബാച്ച് ഒഴിഞ്ഞുമാറി. അന്താരാഷ്ട്ര കായിക കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
2021ൽ ഐ.ഒ.സി പ്രസിഡന്റ് എന്ന നിലയിൽ ബാച്ചിന്റെ കാലാവധി അവസാനിക്കുകയാണ്.