ബീജിംഗ്: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയിൽ താമസിക്കുന്ന ആഫ്രിക്കൻ ജനതയോട് ചൈന വിവേചനം കാണിക്കുന്നതായി പരാതി. ചൈനയിലെ ആഫ്രിക്കൻ വിദ്യാർത്ഥികളേയും പ്രവാസികളേയും നിർബന്ധിത കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും അത്യാവശ്യ സൗകര്യങ്ങൾ പോലുമില്ലാതെ ക്വാറന്റൈനിൽ കഴിയാൻ നിർബന്ധിക്കുന്നതിനും എതിരെ ആഫ്രിക്ക വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. മിക്ക ആഫ്രിക്കൻ രാജ്യങ്ങളും ചൈനീസ് അംബാസിഡർമാരെ വിളിച്ചു വരുത്തി വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്നും മികച്ച വൈദ്യസഹായം ഉൾപ്പെടെ ആഫ്രിക്കക്കാർക്ക് നൽകുമെന്നുമാണ് ചൈന പറയുന്നത്. തങ്ങളോട് മോശമായി പെരുമാറുന്നെന്നും താമസസ്ഥലത്ത് നിന്ന് വരെ ഇറക്കി വിടുന്നെന്നും ആരോപിച്ച് നിരവധിപേരാണ് ആഫ്രിക്കൻ സർക്കാരിനോട് പരാതി ഉന്നയിച്ചിരിക്കുന്നത്. ആഫ്രിക്കക്കാരെ പൊലീസും മറ്റും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.