തിരുവനന്തപുരം: 'സ്പ്രിങ്ക്ളർ' സൈറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി. സൈറ്റുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഇപ്പോഴും ബാക്കിയാണെന്നും 'സ്പ്രിങ്ക്ളർ' സൈറ്റിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ അവരുടേതായി ചിത്രീകരിക്കുന്നതായി കണ്ടുവെന്നും പറഞ്ഞുകൊണ്ട് മാദ്ധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. സൗജന്യ സേവനം എന്ന പേരിൽ സൈറ്റ് ഡാറ്റ ദുരുപയോഗം ചെയാൻ സാദ്ധ്യതയില്ലേ എന്നും മാദ്ധ്യമപ്രവർത്തകർ ചോദിച്ചു.
എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഇതേക്കുറിച്ച് കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ആൾക്കാരുമായി ബന്ധപ്പെട്ടാൽ ഉത്തരം ലഭിക്കുമെന്നുമാണ് മുഖ്യമന്ത്രി ഉത്തരം നൽകിയത്. ഇന്ന് വൈകിട്ട് നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ മുഖ്യമന്ത്രി നേരിട്ടത്.
തുടർന്ന് മുഖ്യമന്ത്രിക്കാണ് ഐ.ടി വകുപ്പിന്റെ ചുമതല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കരാറുകൾ ഒപ്പിട്ടിരുന്നോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'ഞാൻ പറയേണ്ടിടത്തോളം പറഞ്ഞു. മറ്റ് കാര്യങ്ങൾക്ക് നിങ്ങൾ ചോദ്യങ്ങളൊക്കെ കഴിഞ്ഞിട്ട് വരൂ, അന്നേരം പറയാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ 'സ്പ്രിങ്ക്ളർ' വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തിയിരുന്നു . ഇനി വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകിയത്.
'സ്പ്രിങ്ക്ളറി'ന് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ 'സ്പ്രിങ്ക്ളറി'ന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.