വിഷു ആഘോഷങ്ങൾ അടുത്തവർഷത്തേക്ക് ആക്കാമെന്ന് അത്‌ലറ്റ് പി.യു ചിത്ര
" രാജ്യം മുഴുവൻ കൊവിഡ് രോഗത്തിന്റെ ഭീഷണിയിൽ അമർന്നിരിക്കുന്നോൾ നമ്മുടെ വിഷു ആഘോഷത്തിന് പ്രസക്തിയില്ല. ആഘോഷങ്ങളല്ല നാടിന്റെ നന്മയ്ക്കായുള്ള ത്യാഗമാണ് ഇപ്പോൾ വേണ്ടത്. "- പട്യാലയിലെ ദേശീയ അത്‌ലറ്റിക്സ് ക്യാമ്പിലിരുന്ന് മലയാളി അത്‌ലറ്റ് പി.യു ചിത്ര പറയുന്നു.
ക്യാമ്പിലുള്ളപ്പോൾ ചിത്രയ്ക്ക് അല്ലെങ്കിലും അങ്ങനെ ആഘോഷങ്ങൾ പതിവില്ല. പാലക്കാട് മുണ്ടൂരിലെ വീട്ടിലെത്തുമ്പോഴാണ് വിഷുവും ഒാണവുമൊക്കെ. പക്ഷേ വീട്ടുകാർക്കൊപ്പം ആഘോഷങ്ങൾക്ക് എത്തിയിട്ട് നാളുകൾ കുറെയായി.ഒരു വർഷത്തിലേറെയായി പട്യാലയിൽത്തന്നെ. ലോക്ക്ഡൗണായതിനാൽ കാര്യമായ പരിശീലനവും നടത്താനാവുന്നില്ല.റൂമിനുള്ളിൽ അത്യാവശ്യ വ്യായാമങ്ങൾ മാത്രം.
ഒളിമ്പിക് യോഗ്യത ലക്ഷ്യമിട്ടാണ് ചിത്ര ക്യാമ്പിൽ തുടരുന്നത്. വരുന്ന ജൂണിലെ ഫെഡറേഷൻ കപ്പിൽ യോഗ്യതാമാർക്ക് മറികടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒളിമ്പിക്സ് മാറ്റിവച്ചതിനാൽ നവംബറിന് ശേഷം നടക്കുന്ന മത്സരങ്ങളേ ഒളിമ്പിക് യോഗ്യതയ്ക്ക് പരിഗണിക്കൂ അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ മാറിയശേഷം കഠിന പരിശീലനത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇൗ പാലക്കാട്ടുകാരി.
പാലക്കാട്ടെ വീട്ടിൽ ഇപ്പോൾ അച്ഛനും അമ്മയും അച്ഛന്റെ അമ്മയും മാത്രമാണുള്ളത്. രണ്ട് ചേച്ചിമാരും ഭർതൃഗൃഹങ്ങളിലാണ്. സഹോദരൻ ജോലി ചെയ്യുന്ന ബാംഗ്ളൂരിൽത്തന്നെ തുടരുകയാണ്.വീട്ടിലുള്ളവരെ ഫോണിൽ വിളിച്ച് വിഷു ആശംസകൾ നേർന്നു.ബന്ധുക്കളെയും സുഹൃത്തുക്കളേയും വിളിക്കാൻ മാത്രമല്ലേ കഴിയൂ. എല്ലാവരോടും വീട്ടിൽത്തന്നെയിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ രോഗഭീതി ഒഴിയുന്നത് വിഷുക്കാലത്ത് ആശ്വാസം പകരുന്നുവെന്നും ചിത്ര പറഞ്ഞു.
ഇൗ വിഷു നമുക്ക് വീട്ടിനുള്ളിൽ തന്നെ ഇരുന്ന് ആഘോഷിക്കാം.എല്ലാവരും വീട്ടിനുള്ളിൽത്തന്നെയുള്ളത് വലിയൊരു സന്തോഷമാക്കി മാറ്റണം. പുറത്തിറങ്ങിയുള്ള വലിയ ആഘോഷത്തിനായി അടുത്ത കൊല്ലവും വിഷു വരും. അന്ന് നമുക്ക് ഇപ്പോഴത്തേതിന്റെ കുറവ് തീർക്കാം
പി.യു ചിത്ര