കൊച്ചി: കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിനായി കാത്തുനിന്നവർക്കിടയിലേക്ക് മിനി വാൻ പാഞ്ഞുകയറി ഡ്രൈവറുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ എറണാകുളം ടൗൺ ഹാളിന് മുന്നിലാണ് സംഭവം.
പരിക്കേറ്റവരിൽ മൂന്നുപേർ തമിഴ്നാട് സ്വദേശികളും ഒരാൾ ഉത്തരേന്ത്യക്കാരനുമാണ്. വാൻ ഡ്രൈവർ മലയാളിയാണ്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
നോർത്ത് പാലത്തിനടിയിൽ കഴിയുന്നവർ എല്ലാ ദിവസങ്ങളിലും ഉച്ചയോടെ ഭക്ഷണം വാങ്ങാനായി ടൗൺ ഹാളിന് മുന്നിലെത്തും. കുടിവെള്ളവുമായി നോർത്ത് പാലം ഇറങ്ങിവന്ന വാനിന്റെ മുന്നിലേക്കെത്തിയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനം നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തൊട്ടടുത്ത മരത്തിലിടിച്ചാണ് വാഹനം നിന്നത്. സെൻട്രൽ പൊലീസ് കേസെടുത്തു.