തിരുവനന്തപുരം: നാട്ടിൽ തിരികെയെത്താൻ കഴിയാതെ പ്രയാസം നേരിടുന്ന പ്രവാസികൾക്ക് വേണ്ടി പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തിരികെത്തുന്ന പ്രവാസികളുടെ കൊവിഡ് പരിശോധന, ക്വാറന്റീൻ തുടങ്ങിയ കാര്യങ്ങൾ സർക്കാർ നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസികളുടെ കാര്യത്തിൽ അത്യാവശ്യമായ ഇടപെടലാണ് ഇതെന്നും പ്രധാനമന്ത്രിയോടു താൻ പറഞ്ഞിട്ടുള്ളതായി മുഖ്യമന്ത്രി ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
'പ്രവാസികളുടെ പ്രശ്നം വല്ലാതെ അലട്ടുന്നു. ഇക്കാര്യം ആവർത്തിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രവാസി വിഷയത്തിൽ ഇന്നും വിശദമായ കത്തയച്ചു. അവരെ കേരളത്തില്‍ എത്തിക്കണമെന്നു നമുക്കും അവരുടെ കുടുംബാംഗങ്ങൾക്കും താത്പര്യമുണ്ട്. പ്രവാസികളിൽ മിക്കവർക്കും വരുമാനം ഇല്ലാത്തതിനാൽ അവിടെ ജീവിതം അസാദ്ധ്യമാണ്. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കിൽ സംരക്ഷിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തയാറാക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.' മുഖ്യമന്ത്രി വിശദീകരിച്ചു.