വരുമാനം 15% വർദ്ധിച്ചു
കൊച്ചി: വരുമാനത്തകർച്ചയും കടബാദ്ധ്യതയും നികുതിഭാരവും മൂലം നട്ടംതിരിഞ്ഞ ടെലികോം കമ്പനികൾക്ക് ലോക്ക് ഡൗൺ സമ്മാനിക്കുന്നത് മികച്ച വരുമാന നേട്ടം. ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്നതോടെ, മൊബൈൽ ഡാറ്രാ ഉപഭോഗം കുത്തനെ വർദ്ധിച്ചു. ഇതിന്റെ ചുവടപിടിച്ച്, മാർച്ച് പാദത്തിൽ മാത്രം വരുമാനം 15 ശതമാനത്തോളം വർദ്ധിച്ചുവെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ-ഡിസംബർ പാദത്തിൽ ഉപഭോക്താക്കളിൽ നിന്ന് ടെലികോം കമ്പനികൾക്ക് ലഭിച്ചിരുന്ന ശരാശരി വരുമാനം (എ.ആർ.പി.യു - ആവറേജ് റെവന്യൂ പെർ യൂസർ) 124 രൂപയായിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ വരുമാനം 140-145 രൂപയായി ഉയർന്നുവെന്ന് സെല്ലുലാർ ഓപ്പറേറ്രേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ (സി.ഒ.എ.ഐ) വ്യക്തമാക്കി. മാർച്ചിൽ മാത്രം ഡാറ്റാ ഉപഭോഗം 15 മുതൽ 30 ശതമാനം വരെ കൂടിയിട്ടുണ്ട്.
പ്രതിമാസം 25 ലക്ഷം പേരെ ടെലികോം കമ്പനികൾ പുതിയ വരിക്കാരായി ചേർക്കാറുണ്ട്. മാർച്ചിൽ ചേർത്തത് വെറും അഞ്ചുലക്ഷം പേരെയാണ്. എന്നിട്ടും, ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം കൂടാൻ സഹായിച്ചത് ഡാറ്രാ ഉപഭോഗത്തിലെ കുതിപ്പാണ്. ഈ വർഷം ഡിസംബറോടെ, എ.ആർ.പി.യു 180 രൂപയായി വർദ്ധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. നടപ്പുവർഷത്തെ വരുമാനത്തിൽ 12 ശതമാനം വരെ വർദ്ധനയും പ്രതീക്ഷിക്കുന്നു.
പ്രതീക്ഷയുടെ ട്രാഫിക്ക്
30%
ലോക്ക് ഡൗൺ കാലത്ത് മൊബൈൽ ഡാറ്റാ ഉപഭോഗത്തിലുണ്ടായ വർദ്ധന 15 മുതൽ 30 ശതമാനം വരെ.
15%
ഡാറ്റാ ഉപഭോഗം കൂടിയതോടെ, ടെലികോം കമ്പനികളുടെ വരുമാനത്തിൽ മാർച്ച് പാദത്തിലുണ്ടായ വളർച്ച 15 ശതമാനം.
₹145
ഉപഭോക്താക്കളിൽ നിന്ന് 2019 ഡിസംബറിൽ കമ്പനികൾക്ക് ലഭിച്ച ശരാശരി വരുമാനം 124 രൂപ. മാർച്ചിൽ ഇത് 145 രൂപയായി ഉയർന്നു.