തിരുവനന്തപുരം: സംസ്ഥാനം സ്വീകരിച്ച കൊവിഡ് രോഗപ്രതിരോധ മാർഗങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും വാനോളം പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ കഴിവുറ്റ നേതാവാണെന്നും സംസ്ഥാനത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഒരു മലയാള വാർത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കൊവിഡ് രോഗത്തിന്റെ ഈ കാലത്ത് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും മറ്റ് മന്ത്രിമാരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധസമാനമായ ഈ സാഹചര്യത്തിൽ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് പ്രതിപക്ഷത്തെ ലാക്കാക്കി അദ്ദേഹം പരാമർശിച്ചു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ പ്രകീർത്തിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് മാത്രമാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ രണ്ടു പേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം. ഇന്ന് മാത്രം സംസ്ഥാനത്ത് 19 പേർക്കാണ് രോഗം ഭേദമായിരിക്കുന്നത്. ഇന്നലെ 38 പേർക്ക് രോഗം ഭേദമായിരുന്നു. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത് 178 പേരാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.