കണ്ണൂര്‍ : ആപത്ഘട്ടങ്ങളില്‍ ജനങ്ങളുടെ ഒപ്പം നിന്ന് അവരെ ദുരിതത്തില്‍ നിന്ന് കരകയറ്റുന്നവനാണ് യഥാര്‍ത്ഥ നേതാവെന്ന് സാഹിത്യകാരൻ ടി.പദ്‌മനാഭൻ. അങ്ങനെയുള്ള ഒരു നേതാവിനെയാണ് കേരളത്തിന് ഇപ്പോള്‍ കിട്ടിയിട്ടുള്ളതെന്ന് പദ്‌മനാഭൻ പറഞ്ഞു. , പിണറായി വിജയന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളൊക്കെ നടക്കുന്നത്. കഴിവുറ്റ ഒരു ഭരണാധികാരി എന്ന നിലയിലും പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലും ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം അനുദിനം ഉയരുകയാണെന്ന് പദ്‌മനാഭൻ പറയുന്നു.
ഈ ഘോരാന്ധകാരത്തില്‍ പ്രത്യാശയുടെ ഒരു ചെറുതരി പോലും കാണാനില്ലേ എന്നു ചോദിച്ചാല്‍ , ഇല്ല എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പ്രത്യേകിച്ചും എന്റെ നാട്ടിലെ ഭരണാധികാരികളും ജനങ്ങളും ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ അഹോരാത്രം ചെയ്യുന്ന കഠിനപ്രയത്‌നങ്ങളും അതില്‍ അവര്‍ക്ക് കിട്ടുന്ന കൊച്ചുകൊച്ചു വിജയങ്ങളും കാണുമ്പോള്‍...
കൊറോണ വ്യാപനത്തെ തടയാന്‍ നമ്മുടെ കൊച്ചുകേരളം നടത്തുന്ന ധീരമായ ശ്രമങ്ങള്‍ കാണുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവരുന്നത് മഹാകായനായ ഗോലിയാത്തിന്റെയും വെറും 'അശു'വായ ദാവീദിന്റെയും ദ്വന്ദ്വയുദ്ധമാണ്. ദാവീദിന്റെ കയ്യില്‍ ആയുധമായി ഉണ്ടായിരുന്നത് ഒരു കവണയും ഏതാനും കല്ലുകളുമായിരുന്നു. എങ്കിലും ജയിച്ചത് ദാവീദായിരുന്നു.
ലേഖനത്തില്‍ പത്മനാഭന്‍ പറയുന്നു.
കൊറോണ വൈറസിനെതിരായ ഈ മഹായുദ്ധത്തില്‍ അവിടവിടെ ചില പാകപ്പിഴകള്‍, തെറ്റുകുറ്റങ്ങള്‍, രന്ധ്രാന്വേഷികള്‍ക്ക് കാണാന്‍ കഴിഞ്ഞെന്ന് വരും. പക്ഷെ അതിന്റെയൊക്കെ കണക്കുകള്‍ പറഞ്ഞുതീര്‍ക്കേണ്ട സമയമല്ലിത്. ഭരണനൗകയുടെ സമര്‍ത്ഥനായ ഈ അമരക്കാരനോട് ഞാന്‍ പറയുന്നു. 'തേരിത് തെളിച്ചീടുക ധീരനാം സാരഥേ,
നേരുന്നു ഞങ്ങളങ്ങയ്ക്കഖില ഭാവുകം !' ലേഖനം അവസാനിപ്പിച്ചുകൊണ്ട് പത്മനാഭന്‍ കുറിച്ചു.