ന്യൂഡൽഹി: 21 ദിവസമായി തുടരുന്ന ലോക്ക് ഡൗൺ നീട്ടുന്നത് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ 10ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുമ്പോൾ ഏതൊക്കെ മേഖലയിൽ ഇളവു കിട്ടുമെന്ന ആകാംക്ഷയിലാണ് ജനം. ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി തുടരാൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശനിയാഴ്‌ച നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപന ശേഷം കേരളത്തിലെ ഇളവുകൾ നിശ്ചയിക്കാമെന്നാണ് ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
അതേസമയം, തമിഴ്നാടും മിസോറമും അരുണാചലും ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടി. ഒഡിഷ, പഞ്ചാബ്, തെലങ്കാന, കർണാടക, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങൾ നേരത്തേ ഈ തീരുമാനമെടുത്തിരുന്നു.
ശനിയാഴ്ചത്തെ വീഡിയോ കോൺഫറൻസിൽ, രോഗഭീഷണിയില്ലാത്ത സ്ഥലങ്ങളിൽ ഇളവ് വേണമെന്നാണ് കേരളമടക്കം നിർദ്ദേശിച്ചത്. രണ്ടാഴ്ച കൂടി രാജ്യം മുഴുവനായി അടച്ചിടുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് താങ്ങാനാകില്ലെന്ന് വിദഗ്‌ദ്ധരും മുന്നറിയിപ്പ് നൽകുന്നു. വ്യവസായങ്ങൾക്ക് ഇളവു നൽകണമെന്ന് സി.ഐ.ഐ അടക്കമുള്ള സംഘടനകൾ ശുപാർശ ചെയ്തിട്ടുമുണ്ട്.
രാജ്യത്തെ പൗരന്മാരുടെ ജീവനൊപ്പം ജീവിതവും പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന ഈ അവസരത്തിൽ പ്രതീക്ഷ നൽകുന്നു. മാർച്ച് 19ന് ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തതും 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തായിരുന്നു.
മൂന്ന് നിറത്തിൽ
വേർതിരിക്കൽ
കൊവിഡ് രോഗബാധയുടെ അടിസ്ഥാനത്തിൽ മൂന്നു മേഖലകൾ തിരിച്ചാകും ഇളവുകൾ പ്രഖ്യാപിക്കുക.
1. ചുവപ്പ്: ഹോട്ട്സ്പോട്ട് അടക്കം ഗുരുതര രോഗബാധയുള്ള സ്ഥലങ്ങൾ
2. മഞ്ഞ (ഓറഞ്ച്): രോഗം ഗുരുതരമല്ലാത്ത പ്രദേശം
3. പച്ച: രോഗവിമുക്തമായ പ്രദേശം. ( 400 ജില്ലകൾക്ക് പച്ച നിറം നൽകിയേക്കും)
റെഡ് സോണിൽ
ഇളവുണ്ടാകില്ല
ഹോട്ട് സ്പോട്ട് ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുതലുള്ളിടത്ത് (റെഡ് സോൺ) കർശന നിയന്ത്രണം തുടരും. കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഇതിൽപ്പെടുന്നു.
പ്രതീക്ഷിക്കുന്ന ഇളവുകൾ
(സാമൂഹ്യ അകലം പാലിച്ച്)
കാർഷിക മേഖല: വിളവെടുപ്പ്, വിളകളുടെ വിപണനം
സംഭരണ മേഖല: ഗോഡൗണുകൾ, കോൾഡ് സ്‌റ്റോറേജ്
നിർമ്മാണ മേഖല: പൊതു മേഖലയിൽ അടിസ്ഥാന വികസനം. നിയന്ത്രണങ്ങളോടെ സ്വകാര്യ മേഖലയിലും
വ്യവസായം: തിരഞ്ഞെടുത്ത പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾ (ഭക്ഷ്യ, ആരോഗ്യ മേഖലയ്‌ക്ക് മുൻഗണന)
കച്ചവട സ്ഥാപനം: ആഴ്‌ചയിൽ നിശ്‌ചിത ദിവസങ്ങളിൽ നിശ്‌ചിത സമയത്ത്
ട്രക്കുകൾക്ക് നിയന്ത്രണമില്ല
സംസ്ഥാനത്തിനകത്തും അന്തർ സംസ്ഥാന പാതകളിലും ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം പാടില്ല. അവശ്യ സാധനങ്ങൾക്കു പുറമെ മറ്റു ചരക്കുകളും പ്രത്യേക പാസ് ഇല്ലാതെ കൊണ്ടുപോകാം. ഡ്രൈവർക്കു പുറമെ ഒരാൾക്കു കൂടി സഞ്ചരിക്കാം.
ഹോട്ട് സ്‌പോട്ടുകൾ
(ലോക്ക് ഡൗൺ കർശനം)
1.കേരളം: കാസർകോട്, കണ്ണൂർ
2. മഹാരാഷ്‌ട്ര: മുംബയ്, പൂനെ (160 സ്ഥലത്ത്)
3. ഡൽഹി: നാല് ജില്ലകളിലെ 30 സ്ഥലങ്ങൾ
4. തമിഴ്നാട്: ചെന്നൈ, കോയമ്പത്തൂർ
5. യു.പി: 15 ജില്ലകൾ
6. തെലങ്കാന: ഹൈദരാബാദ്
7. രാജസ്ഥാൻ: ബിൽവാഡ, ജയ്പൂർ, ടോങ്ക് സിറ്റി
8. ഗുജറാത്ത്: അഹമ്മദാബാദ്
9. മദ്ധ്യപ്രദേശ്: ഇൻഡോർ, ഭോപ്പാൽ
10. കർണാടക: ബംഗളൂരു, മൈസൂർ
11. ആന്ധ്ര: 13 ജില്ലകളിലെ 676 റെഡ് സോൺ
12. പഞ്ചാബ്: മൊഹാലി അടക്കം 17 ഇടത്ത്