enda
enda

വാഷിംഗ്ടൺ: കൊവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടം ഈനാംപേച്ചിയാണെന്ന സംശയം ബലപ്പെടുന്നു. ചൈന, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ഗവേഷണത്തെ തുടർന്നാണ് ഈ കണ്ടെത്തൽ.

ഈനാംപേച്ചി വിഭാഗത്തിൽ പെട്ട പാൻഗൊലിൻ എന്ന ജീവിയുടെ ശ്വാസകോശത്തിൽ നിന്ന് ലഭിച്ച വൈറസിന്റെ ജനിതക ഘടനയ്ക്ക് കൊവിഡിന് കാരണമായ സാർസ് കോവ് 2 വൈറസുമായി 91 ശതമാനം സാമ്യമുണ്ടെന്ന് ഗവേഷക സംഘം പറയുന്നു.
വൈറസിന്റെ ഉറവിടം വവ്വാലുകൾ ആണെന്നും എന്നാൽ ഇവയിൽ നിന്ന് നേരിട്ടല്ല മനുഷ്യരിലേക്ക് വൈറസ് എത്തിയത് എന്നുമായിരുന്നു ഗവേഷകരുടെ ആദ്യ കണ്ടെത്തൽ. വവ്വാലിൽ നിന്ന് ഉത്ഭവിച്ച സാർസ്, നിപ പോലുള്ള രോഗങ്ങളും പന്നി, വെരുക് പോലുള്ള ജീവികൾ വഴിയാണ് മനുഷ്യരിലേക്കെത്തിയത്.

വുഹാൻ മാംസമാർക്കറ്റ്
കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ മാംസ മാർക്കറ്റുകളിൽ ഈനാംപേച്ചി ഇറച്ചി സുലഭമാണ്. ലോകത്ത് ഏറ്റവും കൂടുതൽ അനധികൃതമായി കച്ചവടം ചെയ്യപ്പെടുന്ന മൃഗങ്ങളിലൊന്നാണ് ഈനാംപേച്ചികൾ. ഇവയുടെ പുറംതോട് മരുന്നായും ഉപയോഗിക്കാറുണ്ട്.

ഈനാംപേച്ചിയാണ് വൈറസ് വാഹകർ എന്ന കാര്യം ഇതുവരെ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടില്ല. ഇവയുടെ ശരീരത്തിലെ രാസവസ്തുക്കൾക്ക് വൈറസിനെ രൂപമാറ്റത്തിന് വിധേയമാക്കാനുള്ള ശേഷിയുണ്ടെങ്കിലും എരുമ, പൂച്ച ആട്, പ്രാവ് എന്നിവയെല്ലാം രോഗ വാഹകരുടെ പട്ടികയിലുണ്ട്.

പാൻഗൊലിൻ
ഉറുമ്പുതീനി വിഭാഗത്തിൽ പെട്ട ജീവി
ലോകത്ത് ഏറ്റവും കൂടുതൽവേട്ടയാടപ്പെടുന്ന ജീവി വർഗങ്ങളിൽ ഒന്ന്
വംശനാശഭീഷണിയുടെ വക്കിൽ