crime

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വർദ്ധന ഉണ്ടായതായി കണക്കുകള്‍ . പോൺ ഹബിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള സേർച്ചിൽ 95 ശതമാനം വർദ്ധന ഉണ്ടായതായാണ് ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് പറയുന്നത്.

ചൈല്‍ഡ് പോണ്‍, സെക്‌സി ചൈല്‍ഡ്, ടീന്‍ സെക്‌സ് വീഡിയോസ് എന്നീ സെര്‍ച്ചുകളില്‍ വന്‍ കുതിപ്പാണ് ലോക്ക് ഡൗണ്‍ കാലത്ത് ഉണ്ടായത്. പോണ്‍ ഹബില്‍ കൊവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ 95 ശതമാനം വര്‍ദ്ധനയുണ്ടായെന്നാണ് കണക്കുകള്‍.

രാജ്യത്തെ നഗരങ്ങളില്‍ ഡല്‍ഹിയില്‍നിന്നാണ് കൂടുതല്‍ സെര്‍ച്ചുകള്‍ വരുന്നത്. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ കാലത്ത് ഡല്‍ഹിയിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളതെന്നു കരുതേണ്ടിവരുമെന്ന് ഐ.സി.പി.എഫ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ഓരോ മാസവും ശരാശരി അന്‍പതു ലക്ഷം സെര്‍ച്ചുകളാണ് ചൈല്‍ഡ് പോണിനായി നേരത്തെ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്കായുള്ള ആവശ്യം ഇരുന്നൂറു ശതമാനമാണ് കൂടിയിട്ടുള്ളത്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നീ മെട്രോ നഗരങ്ങള്‍ മാത്രമല്ല, രണ്ടാംനിര നഗരങ്ങളില്‍നിന്നും ഇത്തരം രംഗങ്ങള്‍ക്കായി ആവശ്യക്കാര്‍ ഏറുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.