pinarayi-vjayan

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെയും വിശദമായ കത്തയച്ചു. നാട്ടിലേക്ക് വരാനുള്ളവരെ എല്ലാ അന്താരാഷ്ട്ര നിബന്ധനകളും പാലിച്ച് തിരികെയെത്തിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.

ഹ്രസ്വകാല പരിപാടികൾക്ക് പോയവരും സന്ദർശക വിസയിൽ പോയവരുമൊക്കെയുണ്ട്. ഇവർക്ക് മടങ്ങാനാകുന്നില്ല. ഗർഭിണികളും മറ്റും നാട്ടിലേക്ക് വരാൻ കാത്തിരിപ്പുണ്ട്. അടിയന്തര ആവശ്യമുള്ളവർക്ക് പ്രത്യേകവിമാനം ഏർപ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

തിരികെ വരുന്നവരുടെ പരിശോധന, ക്വാറന്റൈൻ എന്നിവ സർക്കാർ നിർവഹിക്കും. സുപ്രീംകോടതി പ്രവാസിപ്രശ്നത്തിൽ പ്രഖ്യാപിച്ച നിലപാട് ശ്രദ്ധയിലുണ്ട്. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ അവർക്ക് സാദ്ധ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. എല്ലാ സുരക്ഷാക്രമീകരണങ്ങളും തയ്യാറാക്കും.

കൊവിഡിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികളും കേന്ദ്രം തയ്യാറാക്കണമെന്ന് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

നാല് പുതിയ പൊലീസ് സ്റ്റേഷനുകൾ

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ നൂൽപ്പുഴയിലും ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലും പുതിയ ഓരോ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും. ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലേത് വനിതാ പൊലീസ് സ്റ്റേഷനുകളാണ്.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട തുടർനടപടികൾ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നശേഷം തീരുമാനിക്കും. ലോക്ക് ഡൗൺ അവസാനിച്ചുവെന്ന പ്രതീതിയിലാണോയെന്ന സംശയമാണ് ഇന്നലെയുണ്ടായത്. കൂടുതലാളുകൾ റോഡിലിറങ്ങി. വിഷുത്തലേന്ന് ആയതിനാൽ വടക്കൻകേരളത്തിൽ വലിയ തിരക്കുണ്ടായി. ഇത് ഗൗരവമായി കാണും. ഒരു കാരണവശാലും കൂടിച്ചേരൽ അനുവദിക്കില്ല.

- പിണറായി വിജയൻ

മുഖ്യമന്ത്രി