gulf

ദുബായ്: കൊവിഡ് 19 രോഗബാധ ഉയർത്തുന്ന ഭീഷണിയെക്കാൾ ഗൾഫ് നാടുകളെ ആശങ്കയിലാക്കുന്നത് അതുമൂലം സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്ന ഭീമൻ ആഘാതമാണെന്ന് റിപ്പോർട്ട്. ടൂറിസം, റിയൽ എസ്റ്റേറ്റ്, വ്യോമയാനം, വിദേശനിക്ഷേപം തുടങ്ങി ഗൾഫ് നാടുകളിലെ നിരവധി മേഖലകളെയാണ് സാമ്പത്തിക പ്രതിസന്ധി ബാധിക്കുക. ഇതിനോടകം തന്നെ നിരവധി പേർ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ജോലി ചെയ്യുന്ന കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പ്രതിസന്ധിയെ മറികടക്കാൻ കമ്പനികളെ സഹായിക്കുന്നതിനായി തൊഴിലാളികൾക്ക് ശമ്പളമില്ലാത്ത അവധി നൽകുകയോ പിരിച്ചുവിടുകയോ ചെയ്യാവുന്നതാണെന്ന് തൊഴിൽ മന്ത്രാലയങ്ങളും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതുമൂലം ആയിരങ്ങൾക്കാണ് തൊഴിൽ നഷ്ടമാകുകയെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. ഈ പ്രതിസന്ധി കേരളത്തിൽ നിന്നുമുള്ള പ്രവാസികളെയും കാര്യമായി ബാധിക്കുകയും തുടർന്ന് അതിന്റെ ഭീമമായ സാമ്പത്തിക ആഘാതം കേരളത്തിൽ ഉണ്ടാകുകയും ചെയ്യുമെന്നും ഇവർ പറയുന്നു.

കൊവിഡിന്റെ തുടക്കത്തിൽ തന്നെ കമ്പനികൾ തൊഴിലാളികളോട് നീണ്ട, ശമ്പളമില്ലാതെ അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. ഗൾഫിലെ ബാങ്കുകളുടെ കടംകൊടുക്കൽ ശേഷിയെയും [പ്രതിസന്ധി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. സർക്കാർ പദ്ധതികൾ മിക്കതും നിലവിൽ കരുതൽ ധനമുപയോഗിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഗൾഫ് നാടുകളിലെ ആഭ്യന്തരോദ്‌പാദനം 0.6 ശതമാനത്തിലേക്ക് താഴുമെന്നും അനുമാനമുണ്ട്. എണ്ണ കയറ്റുമതിയിലും ഭീമമായ ഇടിവുണ്ടാകുമെന്നും പറയപ്പെടുന്നു.