പ്രമേഹരോഗികൾ ഹൃദയാഘാത സാദ്ധ്യത മുൻകൂട്ടി കാണേണ്ടതാണ്. 25 ശതമാനത്തിനും വേദനയില്ലാത്ത സൈലന്റ് അറ്റാക്കിന് സാദ്ധ്യതയുണ്ട്. ചിലർ അറ്റാക്കിനെ ഗ്യാസ് ട്രബിൾ എന്ന് സംശയിക്കാറുണ്ട്. ഇത് ചിലപ്പോൾ രോഗിയുടെ ജീവൻ പോലും അപകടത്തിലാക്കും. ശ്രദ്ധിക്കുക, അമിതമായ വിയർപ്പ്, കിതപ്പ് ,ശ്വാസംമുട്ടൽ, തളർച്ച, കൈകളിലേക്കും കഴുത്തിലേക്കും നീളുന്ന വേദന എന്നീ ലക്ഷണങ്ങളിലെല്ലാം ഹാർട്ടറ്റാക്ക് സാദ്ധ്യത ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ ഏത് ലക്ഷണം കണ്ടാലും ഉടൻ ചികിത്സ തേടണം. ചിലർക്ക് നെഞ്ചുവേദന ഇല്ലാതെ തന്നെ ഈ ലക്ഷണങ്ങൾ ഉണ്ടായേക്കാം. പ്രമേഹരോഗികൾ അമിതവണ്ണം നിയന്ത്രിക്കണം, കൃത്യമായി വ്യായാമം ചെയ്യണം, രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കണം. ഹൃദയപേശികളുടെ പ്രവർത്തനം കുറയ്ക്കുന്ന ഹാർട്ട് ഫെയ്ലുവർ, ബ്ലോക്ക് ഇല്ലാതെ നെഞ്ച് വേദനയ്ക്ക് കാരണമാകുന്ന മൈക്രോ വാസ്കുലർ ആൻഞ്ജന, അമിതമായ നെഞ്ചിടിപ്പ്, രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയും പ്രമേഹരോഗികളിൽ കാണാറുണ്ട്.