ന്യൂയോർക്ക്: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. ഇന്നലെ മാത്രം എഴുപതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എസിന് പിന്നാലെ ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരം കടന്നു. ഇന്നലെ 566 പേര്‍ മരിച്ചതോടെ ആകെ മരണം 20,465 ആയി. സ്പെയിനിലും ഫ്രാന്‍സിലും ഇന്നലെ മാത്രം അഞ്ഞൂറിലേറെ പേര്‍ മരിച്ചു.
ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ പത്തുപേരാണ് മരിച്ചത്. ആറു രാജ്യങ്ങളിലുമായി രോഗബാധിതരുടെ എണ്ണം പതിനയ്യായിരമായി ഉയർന്നു. കുവൈത്തിൽ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എഴുന്നൂറ്റി ഇരുപത്തിനാലായി.
യു.എ.ഇയിൽ കൊവിഡ് പരിശോധനാ സംവിധാനം വിപുലമാക്കിയതോടെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം ആറു ലക്ഷം കടന്നു. ഡ്രൈവ് ത്രൂ സംവിധാനമടക്കം എല്ലാ എമിറേറ്റുകളിലും പരമാവധി പേരെ രോഗപരിശോധനയ്ക്കു വിധേയരാക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദുബായ് ഹെൽത്ത് അതോറിട്ടിയുടെ നേതൃത്വത്തിൽ ക്വാറൻറീൻ സംവിധാനം വിപുലമാക്കുകയാണ്.
ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കൊവിഡിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്. എന്നാൽ പൂർണ വിജയത്തിലേക്ക് എത്തിയെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നത്. ബ്രിട്ടനിൽ പതിനൊന്നായിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.രോഗികളുടെ എണ്ണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വേണ്ടിവന്നാൽ സൈന്യത്തെ രംഗത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.