covid-india

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്നൂറിലധികം പേർ മരിച്ചു. 24 മണിക്കൂറിനിടെ 1211 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തിൽ ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുത്തന് ആദ്യമാണ്.

ഡൽഹിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് ബാധിതയായ മലയാളി നഴ്സിന്റെ രണ്ട് വയസ് പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. എൽ.എൻ.ജി.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്സ് ഗർഭിണിയാണ്. അതേ സമയം ആഗ്രയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവുണ്ടായി.ഇന്നലെ മാത്രം 35 കേസുകൾ ആണ് ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തത്. മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന ആഗ്രയെ മറ്റു സംസ്ഥാനങ്ങളിൽ മാതൃക ആക്കണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ജില്ലയിൽ ഇത് വരെ ആകെ 138 കൊവിഡ് കേസുകൾ ആണ് ഉള്ളത്.

തെലങ്കാനയിൽ കൊവിഡ് മരണം പതിനേഴായി. ഇന്നലെ 61 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഹോട്ട്സ്പോട്ടുകൾ കൂടുതലുളള ഹൈദരാബാദിൽ ജാഗ്രത കൂട്ടാൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിർദേശം നൽകി. സാമൂഹികവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു.

അതേസമയം,​ രോഗബാധയുടെ പശ്ചാത്തലത്തിൽ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. മേയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.