a-c-moideen

തിരുവനന്തപുരം: ലോക്ക് ഡൗൺ സംബന്ധിച്ച് കേരളത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നത് നാളെ പരിശോധിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ചന്തകളിൽ കാർഷിക ഉൽപന്നങ്ങൾ എത്തിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് പരിശോധിക്കും. കാർഷിക മേഖലയിൽ ഉൾപ്പെടെയുള്ളവയിൽ ഇപ്പോൾത്തന്നെ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സ്‌പ്രിംഗ്ളർ വിഷയത്തിൽ പ്രതിപക്ഷം അനാവശ്യ വിവദത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ഒന്നും ചെയ്തിട്ടില്ല. ഡാറ്റ സൂക്ഷിക്കുന്നത് ആരോഗ്യവകുപ്പാണ്. ഇക്കാര്യത്തിൽ രഹസ്യ ഇടപാടുകൾ ഒന്നുമില്ല. തെറ്റായ പ്രചാരവേല കൊവിഡ് പ്രതിരോധങ്ങളുടെ വേഗം കുറയ്ക്കാനാണ്-മന്ത്രി പറഞ്ഞു.

അതസമയം കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വ്യക്തിഗത വിവരങ്ങൾ ആർക്കും കൈമാറില്ലെന്ന് ഐ.ടി വകുപ്പ് സെക്രട്ടറി എം ശിവശങ്കരൻ വ്യക്തമാക്കി. സ്വകാര്യ വിവരങ്ങൾ കൈമാറാതിരിക്കാനായി നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിവരങ്ങൾ പൂർണമായും സർക്കാർ ഉടമസ്ഥതയിലായിരിക്കും. ഇക്കാര്യം കസ്റ്റമൈസേഷൻ കരാറിലും വ്യക്തമാക്കിയിട്ടുണ്ട്.


കൊവിഡ് രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ സ്‌പ്രിംഗ്ളറിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് ഡാറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിൻ പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.