kk-shylaja

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞതുകൊണ്ട് വൈറസ് പൂർണമായും പോയെന്ന് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കണ്ണിൽപെടാതെ ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കിൽ അയാളിൽ നിന്ന് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.


കൺട്രോൾ റൂമിലുള്ളവർക്കും മറ്റുള്ളവർക്കും നാട്ടുകാർക്കും വിഷു ആഘോഷം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ഒരുമിച്ച് ചേർന്ന് ഈ മഹാവിപത്തിനെ ചെറുക്കാം. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ആശ്വാസം ഉണ്ട്. പത്തനംതിട്ട ജില്ലയിൽ ഒന്ന് കുറഞ്ഞ ശേഷമാണ് നിസാമുദ്ദീനിൽ നിന്നും ഗൾഫിൽ നിന്നും വന്നവർക്ക് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തെ പോത്തൻകോട്ട് പ്രത്യേകിച്ചുണ്ടായിരുന്ന ഭയം മാറി. അവിടുത്തെ ഇൻകുബേഷൻ പിരീഡ് കഴിഞ്ഞു. ഗർഭിണിക്ക് കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നത് പ്രത്യേക സാഹചര്യമാണ്. എല്ലാവരും വീട്ടിലിരിക്കണം എന്നത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമാണ്. എങ്കിലും ആ യുവതിയെ ഗർഭാവസ്ഥയിൽ വഴിയിൽ നിറുത്താനാവില്ല. അതിനാൽ തന്നെ ഗർഭിണിയായ സ്ത്രീയെ വീട്ടിലെത്തിക്കാൻ മുഖ്യമന്ത്രി ഇടപെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് ഒപ്പമുള്ളവരെ അവിടെ തന്നെ നിരീക്ഷണത്തിൽ വയ്ക്കും.കേരളത്തിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും- മന്ത്രി പറഞ്ഞു.