
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പൊള്ളയാണെന്ന് കോണ്‍ഗ്രസ്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വ്യത്യസ്ത ജനവിഭാഗങ്ങളെ പരിഗണിക്കാതെ എല്ലാവര്‍ക്കുമായി ഒരുപോലെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം നടത്തിയത്.
ദരിദ്രര്‍ക്കുള്ള ഒരു സഹായവും പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല കുറ്റപ്പെടുത്തി. സാമ്പത്തിക പാേക്കജോ മധ്യവര്‍ഗത്തിന് അവശ്യവസ്തുക്കളെത്തിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശമില്ല. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും കൃത്യമായ സഹായം ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു.