v-muraleedharan

ന്യൂഡൽഹി: കൊവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനാകാതെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ല. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്ന് മന്ത്രി അറിയിച്ചു.

യു.കെ., അമേരിക്ക, ഫിലിപ്പീൻസ്, മൾഡോവ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യൻ വിദ്യാർഥികൾ ഉണ്ട്. ഇവരെയിപ്പോൾ തിരിച്ചുകൊണ്ടുവരിക പ്രായോഗികമല്ല. അവർ താമസിക്കുന്ന സ്ഥലങ്ങളിൽതന്നെ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രായോഗികം. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസികൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മൾഡോവ എന്ന ചെറിയ രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ വിദ്യാർഥികളുള്ളത് കേരളത്തിൽനിന്നാണ്. അവിടുത്തെ 550 ഇന്ത്യൻ വിദ്യാർഥികളിൽ 400 പേർ മലയാളികളാണ്. സർവകലാശാലാ ഹോസ്റ്റലിൽ സർവവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അംബാസഡർ അറിയിച്ചിട്ടുണ്ട്. ഭക്ഷണവും ശുചിത്വവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ ദിവസവും കുട്ടികളുടെ ആരോഗ്യവും മാനസികാരോഗ്യവും വിലയിരുത്താൻ സർവകലാശാല തന്നെ ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.കെ.യിൽ വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ ഭക്ഷണവും താമസ സൗകര്യവും ലഭിക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യൻ എംബസി തന്നെ നിർദേശിച്ചിട്ടുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.