trump-and-modi

വാഷിംഗ്ടൺ: 1200 കോടിയോളം വിലവരുന്ന ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള കരാറിന് അമേരിക്ക അംഗീകാരം നൽകി. പത്ത് മിസൈലുകള്‍, 16 എം.കെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്‌സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യയ്‌ക്ക് നൽകുക എന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.

പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അമേരിക്കയുടെ ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസില്‍ വെച്ച വിജ്ഞാപനങ്ങളിലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്.

അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയോട് ട്രംപ് നേരത്തെ മലേറിയ മരുന്നുകൾക്ക് അഭ്യർത്ഥിച്ചിരുന്നു. മരുന്ന് തന്നില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ത്യ മരുന്നുകളുടെ കയറ്റുമതിയിലെ വിലക്ക് നീക്കിയിരുന്നു.