sonakshi-sinha

ബോളിവുഡ് താരം സൊനാക്ഷി സിന്‍‍ഹയെ താൻ പരിഹസിച്ചിട്ടില്ലെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും നടന്‍ മുകേഷ് ഖന്ന. തന്‍റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് അടുക്കല്‍ എത്തിച്ചു. സൊനാക്ഷിയെ അപമാനിച്ചിട്ടില്ലെന്നും മുകേഷ് പറയുന്നു.

"എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. ഒരുപാട് ബഹുമാനവുമുണ്ട്. സൊനാക്ഷിയുടെ പേര് ഞാന്‍ ഉദാഹരണമായി എടുത്തുവെന്നേ ഉള്ളൂ. അതിനര്‍ത്ഥം അവരം അപമാനിക്കാനോ അവരുടെ അറിവിനെ ചോദ്യം ചെയ്യാനോ ശ്രമിച്ചു എന്നല്ല. അവരെ ലക്ഷ്യം വയ്ക്കുകയായിരുന്നില്ല എന്‍റെ ഉദ്ദേശ്യം. എന്നിരുന്നാലും, ഇപ്പോഴത്തെ തലമുറ പല കാര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവരാണെന്നുള്ളത് എന്നെ ഞെട്ടിച്ചു.

ഞാന്‍ രാമായണത്തിന്‍റെയോ ഹിന്ദു പുരാണങ്ങളുടെയോ രക്ഷാധികാരി അല്ല പക്ഷേ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇന്നത്തെ തലമുറയ്ക്ക് നമ്മുടെ സാഹിത്യവും പുരാണവുമെല്ലാം പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു. കാരണം ഇന്നത്തെ തലമുറ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത് ഹാരി പോട്ടറിലും ടിക് ടോക്കിലുമാണ്"-മുകേഷ് പറയുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ക്ലാസിക് പരമ്പരകളായ മഹാഭാരതവും രാമായണവും ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് വിവാദ സംഭവത്തിന്റെ തുടക്കം. രാമായണവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സൊനാക്ഷിക്ക് ഒരിക്കൽ പിണഞ്ഞ അമളിയ്ക്കെതിരേയായിരുന്നു മുകേഷ് ഖന്ന പരിഹസിച്ചിരുന്നത്. പുരാണത്തെ കുറിച്ച് സൊനാക്ഷിയെ പോലുള്ളവര്‍ പഠിക്കട്ടെയെന്നായിരുന്നു മഹാഭാരതം പരമ്പരയിൽ ഭീഷ്മരുടെ വേഷം ചെയ്ത മുകേഷിന്റെ പ്രസ്താവന. സംഭവത്തിൽ സൊനാക്ഷിയുടെ അച്ഛനും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്ത് വന്നതും വാര്‍ത്തയായിരുന്നു.