book

പത്തനംതിട്ട: കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ വായനക്കാർക്ക് ആശ്വാസമാകുകയാണ് പന്തളം കേരളവർമ്മ ഗ്രന്ഥശാല. ആവശ്യക്കാർക്ക് വീടുകളിൽ എത്തി പുസ്തകം നൽകുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗ്രന്ഥശാല സംഘത്തിന്റെ നിർദ്ദേശത്തോടെ നടപ്പാക്കിയ വീടുകളിലേക്ക് പുസ്തകം എന്ന പദ്ധതിയിലൂടെ ഇതുവരെ നൽകിയത് അഞ്ഞൂറിലധികം പുസ്തകങ്ങൾ.

ഗ്രന്ഥശാല അംഗങ്ങളായവർക്കും കുട്ടികൾക്കും വനിതകൾക്കും പുസ്തകം നൽകുന്നു. ആവശ്യക്കാർ മുൻകൂട്ടി അറിയിക്കുന്നതോടെ പുസ്തകങ്ങൾ വീട്ടിൽ എത്തും. ഗ്രന്ഥശാലയിലെ യുവജന വേദി അംഗങ്ങളായ ജയശങ്കർ, അഖിൽ, സിദ്ധാർത്ഥ് എന്നിവരാണ് പദ്ധതിയുടെ ചുമതലക്കാർ. മൊബൈലിലൂടെയും നേരിട്ടും പുസ്തകങ്ങൾ ആവശ്യപ്പെടുന്നവർക്ക് എത്തിച്ച് നൽകുന്നു. ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നു.സമൂഹിക അകലം പാലിച്ചും പുസ്തകങ്ങൾ വിതരണം ചെയ്യുന്നവർക്ക് മുഖാവരണവും അണുനാശിനിയും നൽകി സുരക്ഷ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.