china-

ബീജിംഗ് :കൊവിഡ് 19 വൈറസ് രോഗബാധ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനിൽ ഉൾപ്പെടെ ലോക്ക്ഡൗൺ ചൈനീസ് ഗവൺമെന്റ് പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചൈനയിലെ അതിർത്തി പ്രവിശ്യയായ ഹെയ്‌ലോംഗ് ജിയാംഗിൽ നിന്നുള്ള വാർത്തകളാണ് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. ഗ്ലോബൽ ടൈംസ് എന്ന പ്രമുഖ ചൈനീസ് ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം അവിടത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ച് 257 ആയിരിക്കുകയാണ്.


കൊവിഡ് രോഗം ആദ്യം പടർ‌ന്നു പിടിച്ച വുഹാൻ നഗരത്തിലേതിനേക്കാൾ അധികമാണ് ഇവിടുത്തെ രോഗബാധിതരുടെ നിരക്ക്. മറ്റു രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് മടങ്ങിയെത്തുന്നവർ കൊണ്ടുവരുന്ന പുതിയ കേസുകൾ നിയന്ത്രണമില്ലാത്തവിധം പെരുകുന്നതാണ് സർക്കാരിനെ കുഴക്കുന്നത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ നിന്നുണ്ടാകുന്ന പുതിയ സംക്രമണങ്ങൾ. ലക്ഷണങ്ങൾ തീരെ ഇല്ലാത്ത, അല്ലെങ്കിൽ വളരെ കുറഞ്ഞ ലക്ഷണങ്ങൾ ഉള്ളവരുടെ ടെസ്റ്റ് പോസിറ്റീവ് ആവുന്ന സാഹചര്യവും വെല്ലുവിളിയാകുന്നു.

ചൈനയിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 108 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ ഏറ്റവും വലിയ വർദ്ധനവാണിത്. ഇതിൽ 98 കേസുകളും ഇമ്പോർട്ടഡ് ആണ് എന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പറയുന്നത്. റഷ്യയോട് ചേർന്ന് കിടക്കുന്ന ഹെയ്‌ലോങ്‌ജിയാങ്ങിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 49 കേസുകളാണ്. ഇവർ എല്ലാവരും തന്നെ റഷ്യയിൽ നിന്ന് കരമാർഗം ചൈനയിലേക്ക് തിരികെ വന്ന, ചൈനീസ് പൗരന്മാർ ആണ്.

പുതിയ കേസുകളുടെ വെളിച്ചത്തിൽ ഹെയ്‌ലോങ്‌ജിയാങ്ങിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. ഹെയ്‌ലോങ്‌ജിയാങ്ങിന് തൊട്ടടുത്ത് കിടക്കുന്ന ഹാർബിൻ, സൂയ്ഫിൻ എന്നിവിടങ്ങളിലും കൊവിഡ് വ്യാപന ഭീഷണിയിലാണ്. ഇവിടെ നിന്ന് ബീജിംഗിലേക്ക് വെറും 1000 മൈൽ ദൂരം മാത്രമാണുള്ളത്.