covid-

ബീജിംഗ് : കൊവിഡ് വൈറസിനെതിരായ രണ്ടുവാക്സിനുകൾ ചൈന പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കൊവിഡ് വൈറസിനെ നേരിടാനുള്ള രണ്ടു പരീക്ഷണ വാക്സിനുകൾ കൂടി മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ചൈന അനുമതി നൽകി. ഇതോടെ ചൈനയിൽ മൂന്നു കൊവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽസാണു നടക്കുന്നതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബീജിംഗ് ആസ്ഥാനമായുള്ള നാസ്ഡാക്ക് സിനോവാക് ബയോടെക്കിന്റെ യൂണിറ്റും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്ന. ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണു ക്ലിനിക്കൽ ട്രയൽസിന് അനുമതി നൽകിയതെന്നു സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വു യുവാൻബിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ചൈനീസ് സൈന്യത്തിന്റെ പിന്തുണയുള്ള മിലിറ്ററി മെഡിക്കൽ സയൻസസും ഹോങ്കോങ്ങിലെ കാൻസിനോ ബയോയും ചേർന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണത്തിനു മാർച്ച് 16ന് അനുമതി നൽകിയിരുന്നു. രണ്ടാംഘട്ട ട്രയൽസിനുള്ള സന്നദ്ധ സേവകരുടെ റിക്രൂട്ട്മെന്റ് ഈ മാസം 9ന് ആരംഭിച്ചു. രണ്ടാംഘട്ട ക്ലിനിക്കൽ ട്രയൽസ് നടപടികൾക്കു തുടക്കമിടുന്ന ലോകത്തെ ആദ്യ രാജ്യമാണു ചൈനയെന്നു വു യുവാൻബിൻ പറഞ്ഞു. യു.എസിലും റഷ്യയിലും വാക്സിൻ ഗവേഷണം പുരോഗമിക്കുകയാണ്.