ambulance-

കൊച്ചി: അടിയന്തര ഹൃദയശസ്ത്രക്രിയക്കായി തമിഴ്‌നാട്ടിൽ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലൻസ് കേരളത്തിലേക്ക് പുറപ്പെട്ടു. കൊവിഡ് ലോക്ക് ഡൗണിനിടെ കേരള, തമിഴ്നാട് സർക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടർന്നാണ് അതിർത്തി കടക്കാൻ ആംബുലൻസിന് അനുമതി കിട്ടിയത്.

ഗുരുതര ഹൃദ്രോഗവുമായി നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ ലോക്ഡൗണായതിനാൽ കേരളത്തിലെത്തിക്കുക എന്നത് ശ്രമകരമായിരുന്നു. തുടർന്ന് എറണാകുളം ലിസി ആശുപത്രി അധികൃതർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസുമായും തമിഴ്‌നാട് സർക്കാരുമായും ബന്ധപ്പെട്ട് അതിവേഗം കുട്ടിയുടെ യാത്രയ്ക്ക് അനുമതി ശരിയാക്കുകയായിരുന്നു.

നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് യാത്ര തിരിച്ചത്. രാത്രിയോടെ ആംബുലൻസ് കൊച്ചിയിൽ എത്തിച്ചേരും. കൊച്ചി ലിസി ആശുപത്രിയിലാണ് കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുക.