മുംബൈ: മുംബയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് പടരുന്ന ധാരാവിയില്‍ മരണം ഏഴായി. പൂനയില്‍ നാല് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 165 ലേക്ക് ഉയര്‍ന്നു. 2515 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുംബയിൽ മാത്രം 100 കടന്നു. രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗവ്യാപനം തുടരുകയാണ്. ഭാട്യ ആശുപത്രിയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 4 മലയാളി നഴ്‌സുമാര്‍ നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. മുംബൈയില്‍ മാത്രം 70 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ധാരാവിയില്‍ സ്ഥിതി രൂക്ഷമാണ്. ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്ത ചേരിയില്‍ ശനിയാഴ്ച മരിച്ച 52കാരന്റെ ഫലവും പോസീറ്റീവായി. ചേരിയില്‍ 55 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. താമസക്കാരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചേരിനിവാസികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്ന് നല്‍കി തുടങ്ങി. അതേസമയം, സംസ്ഥാനത്താകെ 248 പേര്‍ ഇതുവരെ രോഗമുക്തരായി.