covid-19

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 11,487 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,463 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗബാധയുള്ളവരുടെ കണക്കിലെ ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. 35 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ആകെ രോഗബാധിതരില്‍ 9,272 പേര്‍ ചികിത്സയിലാണ്. 1,190 പേര്‍ രോഗമുക്തരായി. ആകെ മരിച്ചവരുടെ എണ്ണം- 393.


കർണാടകത്തിൽ ഒരു ദിവസത്തിനിടെ നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളൂരു, വിജയപുര എന്നിവിടങ്ങളിലാണ് വൈകിട്ട് രണ്ട് പേർ മരിച്ചത്. കർണാടകത്തിൽ ഇന്ന് 13 പേർ കൂടി രോഗബാധിതരായി. കൊവിഡ് ബാധിതർ ഇല്ലാത്ത ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കർണാടക സർക്കാർ മാർഗരേഖ തയ്യാറാക്കി. ആന്ധ്ര പ്രദേശിൽ രണ്ടുപേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആന്ധ്രയിൽ ആകെ മരണം 9 ആയി. 34 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 300 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയും തമിഴ്‌നാടുമാണ് തൊട്ടുപിന്നില്‍.


അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടി. ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്ക്ഡൗണ്‍ നീട്ടിയകാര്യം പ്രഖ്യാപിച്ചത്.