ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയ്‌ക്കുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവച്ചെന്നും, രോഗത്തെ തടയുന്നതിൽ വീഴ്ച വരുത്തിയെന്നും ട്രംപ് ആരോപിച്ചു.
ലോകാരോഗ്യ സംഘടന കൊവിഡിന്റെ വ്യാപനം മൂടിവച്ചതിനെക്കുറിച്ചും, രോഗത്തെ തടയുന്നതിൽ വീഴ്ച വരുത്തിയതിനെക്കുറിച്ചും പരിശോധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ട്രംപ് അറിയിച്ചു. നിലവിൽ ലോകാരോഗ്യ സംഘടനയ്‌ക്ക് നൽകിവരുന്ന ധനസഹായം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, ഈ പണം എന്തിനുവേണ്ടി വിനിയോഗിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത്. കഴിഞ്ഞ വർഷം 400 ദശലക്ഷം ഡോളർ അമേരിക്ക നൽകിയിരുന്നു. അതേസമയം, സാമ്പത്തിക സഹായം നിർത്തിയതിനെതിയെ യു.എൻ രംഗത്തെത്തി. മഹാമാരിയ്‌ക്കെതിരെ പോരാടുന്ന ഈ വേള ഒരു സംഘടനയുടേയും വരുമാന മാർഗങ്ങൾ തടയാനുള്ള സമയമല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.