corona

ചണ്ഡീഗഡ്: കൊവിഡ് വ്യാപനം സെപ്തംബർ വരെ തുടരുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചനയെന്നും, രാജ്യം അതുവരെ അടച്ചിടുന്നത് അസാദ്ധ്യമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അനുയോജ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമപ്രവർത്തകരോട് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അമരീന്ദർ സിംഗ്.

'മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ വരെ കൊവിഡ് പടരുമെന്ന് വിദഗ്ദ്ധർ എന്നോട് പറയുന്നു. അതുവരെ ഞങ്ങൾക്ക് ആളുകളെ ലോക്ക് ഡൗണിൽ നിർത്താൻ കഴിയില്ല. ലോക്ക് ഡൗണിന് ശേഷവും വൈറസ് പടരാതിരിക്കാൻ ഞങ്ങൾ മുൻകരുതലുകൾ എടുക്കും'- അമരീന്ദർ സിംഗ് പറഞ്ഞു.


ആശുപത്രി നവീകരണത്തിനായി 729 കോടി രൂപ, അഡ്വാൻസ്ഡ് വൈറോളജിക്ക് ഇൻസ്റ്റിറ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് 550 കോടി രൂപ, 4,400 കോടി രൂപയുടെ ജി.എസ്.ടി കുടിശിക ഉൾപ്പെടെയുള്ള പ്രത്യേക പാക്കേജ് സർക്കാർ ഇതിനോടകം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അനുകൂല സൂചനകൾ നൽകിയിട്ടും പാക്കേജ് ഇനിയും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.