accident

ആലപ്പുഴ- ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറികൾ തമ്മിലിടിച്ച് ലോറി ക്ളീനറായ യുവാവ് മരിച്ചു.. കായകംകുളം കൃഷ്ണപുരം വല്ലവ ഭവനിൽ ഹരിഹരന്റെ മകൻ രാജേഷ്(40) ആണ് മരിച്ചത്. ലോറി ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കോൺവന്റ് സ്ക്വയറിലായിരുന്നു അപകടം. ദേശീയപാതയിൽ ശവക്കോട്ടപ്പാലത്തിൽ നിന്ന് കളക്ട്രേറ്റ് ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയിൽ കോൺവന്റിന് കിഴക്ക് ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കയറാൻ ശ്രമിച്ച ലോറി ഇടിച്ചുകയറുകയായിരുന്നു. ദേശീയ പാതയിലൂടെ വന്ന ലോറിയുടെ പിൻ ഭാഗത്തേക്കാണ് ബൈറൂട്ടിൽ നിന്നെത്തിയ ലോറി ഇടിച്ചുകയറിയത്. ദേശീയപാതയിൽ വന്ന ലോറിയിലെ ജീവനക്കാർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അപകടത്തിൽ മുൻ വശം തകർന്ന ലോറിയിൽ നിന്ന് ആലപ്പുഴ നോർത്ത് പൊലീസും നാട്ടുകാരും ചേ‌ർന്നാണ് രാജേഷിനെയും ഡ്രൈവറെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.. സാരമായി പരിക്കേറ്റ രാജേഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു . പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.