cm

കണ്ണൂർ: പാലത്തായിയിലെ എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പത്മരാജിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ഒരു മാസമായി ഒളിവിൽ കഴിയുന്ന ബി.ജെ.പി നേതാവായ പ്രതി പത്മരാജനെ പിടികൂടാൻ പൊലീസിനാകാത്തത് വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലുള്ള തങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തീർത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. 'കോഴിക്കൂട് അടക്കണം,പപ്പടം പൊട്ടാതെ വറക്കണം എന്നൊക്കെ പറയുന്ന നിങ്ങൾ പാലത്തായി പെൺകുട്ടിയുടെ പീഡനകേസ് അറിഞ്ഞില്ലേ?', 'പാലത്തായി പീഡന കേസിൽ അറെസ്റ്റ്‌ ചെയ്യാതെ ഒളിച്ചു കളിക്കുന്നത് ആർക്കു വേണ്ടി?'എന്നിങ്ങനെ നിരവധി കമന്റുകളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ വരുന്നത്.

cm

cm

കുട്ടിയുടെ സഹപാഠിയുടെ വെളിപ്പെടുത്തൽ

ബി.ജെ.പി നേതാവായ അദ്ധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അദ്ധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ടീച്ചർമാരോട് പരാതി പറഞ്ഞിരുന്നു എന്നും സഹപാഠി വ്യക്തമാക്കി. ഈ മൊഴി കേസിൽ നിർണായക തെളിവാകുമെന്ന് പൊലീസ് പറയുന്നു.

പൊലീസിനെതിരെ ആരോഗ്യമന്ത്രി രംഗത്ത്

അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർ‍ശനവുമായിമന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.ജി.പിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡി.വൈ.എസ്‍.പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന സംഭവമായതിനാൽ തന്നെ പ്രതിപക്ഷവും നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.