തിരുവനന്തപുരം: കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാം ഘട്ട ലോക്ക് ഡൗൺ അടുത്തമാസം മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കരുതലിലും ജാഗ്രതയിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊലീസ്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട കൊവിഡ് കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ വരും ദിവസങ്ങളിലും കർശന നിയന്ത്രണങ്ങൾ തുടർന്നേ മതിയാകൂവെന്നാണ് സംസ്ഥാനത്തെ ഒരു പൊലീസ് ഉന്നതൻ പ്രതികരിച്ചത്.
കേന്ദ്ര സർക്കാർ രണ്ടാം ഘട്ട ലോക്ക് ഡൗണിന്റെ മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കാനിരിക്കെ വ്യാഴാഴ്ച ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾക്ക് വിധേയമായാകും അടുത്ത ഘട്ട സുരക്ഷാ നടപടികൾ പൊലീസ് ആവിഷ്കരിക്കുക.
സാമൂഹ്യ അകലം പാലിക്കുന്നതിലും രോഗ വ്യാപനത്തിനുള്ള മറ്റ് സാദ്ധ്യതകൾ ഒഴിവാക്കുന്നതിനും സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പൊലീസ് നടപ്പാക്കും.
നിലവിൽ പുതിയകേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മുമ്പ് രോഗമുണ്ടായിരുന്ന സ്ഥലങ്ങളിലും പൊലീസ് ഇപ്പോഴും കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവ് മുതലെടുത്ത് വാഹനങ്ങളുമായി ആളുകൾ പലസ്ഥലങ്ങളിലും കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യമുണ്ട്. ഇത് കർശനമായി നേരിടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മതിയായ കാരണമില്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരെ കണ്ടെത്താനും വാഹനങ്ങൾ പിടിച്ചെടുക്കാനുമുള്ള നടപടികൾ ഇനിയും തുടരും.
ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും തടയാൻ ബൈക്കുകളിലും ജീപ്പുകളിലുമായി പട്രോളിംഗ് നടത്തിവരികയാണ്. ഡ്രോൺ നിരീക്ഷണവും തുടരും. സംസ്ഥാനത്ത് ആദ്യഘട്ട ലോക്ക് ഡൗണിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അരലക്ഷത്തിലധികം പൊലീസുകാർ തുടക്കം മുതൽ വിശ്രമമില്ലാതെ ഡ്യൂട്ടിയിലാണ്. രണ്ടാം ഘട്ടത്തിൽ ഇവർക്ക് വിശ്രമം നൽകി അടുത്ത ബാച്ചിനെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാൻ ആലോചിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഡ്യൂട്ടി നൽകാതെ റിസർവ്വായി നിലനിർത്തിയിരുന്ന പൊലീസുകാരെയാകും അടുത്ത ഘട്ടം ഡ്യൂട്ടിക്ക് നിയോഗിക്കുക.