pic-

കോട്ടയം: ഈസ്റ്ററും വിഷുവും ആഘോഷമാക്കാൻ തലേദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാൻ ജനം ടൗണിലേക്ക് പ്രവഹിച്ച കോട്ടയത്ത് ഇന്ന് രാവിലെ അതിശക്തമായ പൊലീസ് പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊലീസ് അല്പം അയവ് നൽകിയതോടെയാണ് ഈ ദിവസങ്ങളിൽ ആളുകൾ കൂട്ടമായി കടകൾക്കുമുമ്പിലും റോഡുകളിലും പ്രത്യക്ഷപ്പെട്ടത്. പക്ഷേ, ഇന്ന് രാവിലെ മുതൽ ടൗണിന്റെ മുക്കിലും മൂലയിലും പോലും പൊലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുകയാണ്. ഒട്ടുമിക്കവരെയും പൊലീസ് മടക്കി വീടുകളിലേക്ക് അയച്ചു.

ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂർ പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്. കൊവിഡ‌് 19 വൈറസ് പടരുന്നത് ശമിച്ചുവെന്ന് കണക്കാക്കിയാണ് ജനം കഴിഞ്ഞദിവസങ്ങളിൽ കൂടുതലായി റോഡിലിറങ്ങിയത്. ഇപ്പോൾ ജില്ലയിൽ കൊറോണ ബാധിച്ച് ആരും തന്നെ ആശുപത്രികളിലില്ല. എന്നാൽ ആയിരത്തോളം ആളുകൾ കോറെന്റയിലിൽ കഴിയുന്നുണ്ട്.

പാടങ്ങളിൽ കൊയ്ത്ത് നടക്കുന്നതിനാൽ യന്ത്രങ്ങൾ പ്രവർത്തിക്കുവാൻ തടസങ്ങളില്ല. ഇന്നലെ വിഷു ആയതിനാൽ ഒരിടത്തും യന്ത്രങ്ങൾ പാടങ്ങളിൽ ഇറങ്ങിയില്ല. ഇന്ന് രാവിലെ തന്നെ മിക്ക പാടങ്ങളിലും യന്ത്രങ്ങൾ ഇറങ്ങി കൊയ്ത്ത് തുടരുന്നുണ്ട്. തൊഴിലാളികളാവട്ടെ വിരലിലെണ്ണാൻ മാത്രമേ ഉള്ളു. അതിനാൽ തന്നെ മന്ദഗതിയിലാണ് കൊയ്ത്ത് പുരേഗമിക്കുന്നത്. മിക്ക പാടശേഖരങ്ങളും പാകമെത്തി ഒരാഴ്ച കഴിഞ്ഞാണ് നെല്ല് കൊയ്തെടുക്കുന്നത്. ഇടയ്ക്ക് പെയ്ത വേനൽ മഴ കൊയ്ത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.