മുംബയ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഏറെ അസ്വസ്ഥരാണ് ഇന്ത്യയിലെ കയറ്റുമതി സ്ഥാപനങ്ങൾ. വൈറസ് ഭീഷണി മൂലം കയറ്റുമതി റദ്ദാക്കുന്നത് ഒരു മാനദണ്ഡമായി തുടങ്ങി. കയറ്റുമതി സ്ഥാപനങ്ങൾക്ക് കയറ്റുമതി റദ്ദാക്കാനായി നിരവധി അഭ്യർഥനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഫാക്ടറികൾ നിശ്ചിത ചിലവിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇറക്കുമതി സാധനങ്ങളുടെ ക്ലീയറൻസ് ലഭിക്കാനുളള കാലതാമസവും കൂടുതൽ ചിലവിന് കാരണമാകുന്നു. കൊവിഡ് മൂലം ഷിപ്പിംഗ് ലൈനിൽ നിയന്ത്രണം ഏർപ്പെടുത്തിയിരക്കുകയാണ്. എയർലൈൻ സർവീസുകളും അടിയന്തരമായി കുറഞ്ഞു.
ഇന്ത്യൻ കയറ്റുമതിയുടെ ലക്ഷ്യ സ്ഥാനങ്ങളും ലോക്ക് ഡൗണിലാണ്.ഇന്ത്യയിൽ നിന്നും പ്രധാനമായി എൻജിനിയറിംഗ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത് അമേരിക്ക, യു എ ഇ , ജർമനി എന്നിവടങ്ങളിലേക്കാണ്. ഈ രാജ്യങ്ങളിലും കൊവിഡ് മൂലം വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എൻജിനിയറിംഗ് ഉൽപ്പന്നങ്ങൾ ഇന്ത്യയുടെ കയറ്റുമതിയിൽ വലിയ പങ്ക് വഹിക്കുന്നു. ഒരു പ്രധാന തേയില കയറ്റുമതി രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ മുൻനിര കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളാണ് യുഎസ്, യുകെ, ജപ്പാൻ, ഇറാൻ എന്നീ രാജ്യങ്ങൾ. ഇവിടെയും കൊവിഡ് വ്യാപനം ഇറക്കുമതിയെ സാരമായി ബാധിച്ചു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഇന്ത്യൻ കയറ്റുമതിയുടെ മൂല്യം ഇനിയും കുറച്ചേക്കാം.
അതേസമയം നിലവിലെ സാഹചര്യത്തിൽ ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങളുടെ നിർമ്മാണത്തിന് ചൈനയ്ക്ക് പകരമായി ഇന്ത്യക്ക് ഉയർന്നുവരാൻ കഴിയും. ഇന്ത്യ അടുത്തിടെ അമേരിക്കയിലേക്ക് ആന്റി മലേറിയൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്നത് ലോകം ശ്രദ്ധിച്ചതോടെ, വ്യവസായത്തിന് താങ്ങാനാവുന്ന മരുന്നുകളുടെ പ്രധാന കയറ്റുമതിക്കാരായി വികസിക്കാൻ ഇന്ത്യക്ക് കഴിയും.ആഗോളതലത്തിൽ ഇന്ത്യൻ ഫാർമ ഇനങ്ങൾക്ക് ആവശ്യക്കാർ
എറെയാണ്.