തിരുവനന്തപുരം: ലോക്ക്ഡൗൺ ദിവസങ്ങൾ എങ്ങനെ ഫലപ്രദമായി ചിലവഴിക്കണമെന്ന് ചിന്തിക്കുന്നവർക്ക് മാതൃകയാണ് തട്ടത്തുമല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. കുട്ടികളുടെ സർഗാത്മകത കൂട്ടുന്നതിനായി ' മിഴി ' എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയാണ് സ്‌കൂൾ മാതൃകയാകുന്നത്. കുട്ടികളുടെ പാട്ടും കഥയും കവിതയും പരീക്ഷണങ്ങളുമൊക്കെ ചിത്രീകരിച്ച വീഡിയോകളാണ് ഈ ചാനലിലുള്ളത്. ഓരോ കുട്ടിയും സ്വന്തം വീട്ടിലിരുന്ന് കലാപ്രകടനം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്‌ത് ശേഷം വാട്സ് ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. നൂറിലധികം വീഡിയോകൾ ചാനലിൽ ഇതിനകം അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾ ഈ ചാനലിൽ കലാസൃഷ്ടി അവതരിപ്പിച്ചിട്ടുണ്ട്. പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അദ്ധ്യാപകർ, ക്ലാസ് പി.ടി.എ കൺവീനർമാർ എന്നിവരാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ പാസ്റ്റ് ആണ് ചാനലിന്റെ സാങ്കേതിക സഹായം നൽകുന്നത്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മിഴി യൂട്യൂബ് ചാനലിന് മന്ത്രി ഡോ. തോമസ് ഐസക് അഭിനന്ദനം അറിയിച്ചിരുന്നു. ഇത് മറ്റുള്ള സ്‌കൂളുകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.