pic-

കണ്ണൂർ: കൊവിഡ് 19 വ്യാപകമായതോടെ നിയന്ത്രിക്കാൻ നാടെങ്ങും അലർട്ട് പ്രഖ്യാപിച്ചു. ചുവപ്പ്, ഓറഞ്ച്, മഞ്ഞ സോണുകളായാണ് തിരിച്ചത്. നിരീക്ഷണത്തിലും രോഗികളുടെ എണ്ണവും പരിഗണിച്ചാണ് ഈ വ്യത്യാസം. പഞ്ചായത്ത് തല സുരക്ഷാ സംഘം രൂപീകരിച്ച് നിരീക്ഷിക്കും. കൂത്തുപറമ്പ് നഗരസഭ, പാട്യം, കതിരൂർ, കോട്ടയം മലബാർ പഞ്ചായത്തുകളാണ് ചുവപ്പ് സോണിലുള്ളത്. തലശേരി, പാനൂർ നഗരസഭകളും മൊകേരി, നടുവിൽ, ചിറ്റാരിപറമ്പ്, പന്ന്യന്നൂർ, ചൊക്ലി, ന്യൂ മാഹി പഞ്ചായത്തുകൾ ഓറഞ്ച് സോണിലാണ്.

തീവ്രത കുറഞ്ഞ മറ്റ് പ്രദേശങ്ങൾ മഞ്ഞ സോണിലും ഉൾപ്പെടും. അഞ്ചിലേറേ പോസിറ്റീവ് കേസാണ് റെഡ് സോൺ. ഇവിടെ രണ്ടായിരം പേർ നിരീക്ഷണത്തിലുണ്ടാകും. 2-5 രോഗികളുള്ള സ്ഥലമാണ് ഓറഞ്ച് സോൺ. 500-2000 പേരിവിടെ നിരീക്ഷണത്തിൽ ഉണ്ടാകും. ചുവപ്പ് സോണിലുള്ള സ്ഥലത്ത് ഹോം ഡെലിവറി മാത്രമാണ് ഉണ്ടാകുക. മെഡിക്കൽ സ്റ്റോറുകൾപോലും ഇവിടുങ്ങളിൽ തുറക്കില്ല. ഓറഞ്ച് സോണിൽ പ്രവർത്തിക്കേണ്ട കടകൾ പഞ്ചായത്ത് തല സുരക്ഷാ സമിതി തീരുമാനിക്കും. ഇറച്ചി മാർക്കറ്റ്, ബാങ്ക്, റേഷൻ കടകൾക്കും ഇതേ മാനദണ്ഡമുണ്ട്. ചുവപ്പ് സോണിൽ ഒരാൾക്കും വീടിന് പുറത്തിറങ്ങാൻ അനുമതിയില്ല.