pic-

കണ്ണൂർ: കൊവിഡ് 19 ബാധ ശക്തമായിരുന്ന കണ്ണൂരിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ഫലം കാണുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിയന്ത്രിക്കാൻ സാധിച്ചത് ഇതിലൂടെയാണ്. ഇനിയും ഇടപെടൽ ശക്തമാക്കാനാണ് തീരുമാനമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഷാജി പറഞ്ഞു. കൂടുതൽ കേസുകൾ വന്നിടത്ത് ജില്ലാ ഭരണകൂടം ട്രിപ്പിൾ ലോക്കിംഗ് സംവിധാനം നടപ്പാക്കുന്നുണ്ട്. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത കൂത്തുപറമ്പ് അടക്കം ജില്ലയിൽ 12 സ്ഥലത്താണ് ഇത്തരം ഇടപെടൽ കർശനമാക്കുക.

വൈറസ് സാന്നിദ്ധ്യം സംശയിച്ച് വീട്ടിൽ നിരിക്ഷണത്തിലുള്ളവർ അത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സഹായം തേടും. സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാൻ റാൻഡം ആയി പരിശോധന നടത്തുന്നുണ്ട്. പത്ത് സ്ഥലങ്ങളിലായി പരിശോധിച്ചിടത്തെല്ലാം നെഗറ്റീവാണ്. ഇത് പ്രതീക്ഷ നൽകുന്നു. വൈകാതെ റാപ്പിഡ് ടെസ്റ്റ് കിറ്റ് വന്നാൽ കുറേക്കൂടി വ്യാപകമായി പരിശോധിക്കാനാവും. ഇമ്യൂണിറ്റി പരിശോധന ഗ്രൂപ്പായി നടത്താനാണ് ആലോചന. ഇത് സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും. സംസ്ഥാനത്ത് പൂർണ്ണമായ തോതിലാവും ഇത് നടപ്പാക്കുക. സ്വകാര്യ ആശുപത്രികളിൽ സംശയകരമായി റിപ്പോർട്ട് ചെയ്യുന്നതെല്ലാം പരിശോധിക്കുന്നുണ്ട്.