ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം ശമിക്കുന്നുവെന്ന സൂചന നൽകി മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പം മാർച്ചിൽ ഒരു ശതമാനമായി കുറഞ്ഞു. ലോക്ക്ഡൗൺ മൂലം ഉത്‌പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞതാണ് കാരണം. ഫെബ്രുവരിയിൽ നാണയപ്പെരുപ്പം 2.26 ശതമാനമായിരുന്നു.
ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവിലപ്പെരുപ്പം ഫെബ്രുവരിയിലെ 7.79 ശതമാനത്തിൽ നിന്ന് മാർച്ചിൽ 4.91 ശതമാനമായി താഴ്ന്നത്, വരും നാളുകളിൽ ചില്ലറവിലയും കുറയാൻ സഹായിക്കും. പച്ചക്കറികളുടെ വില 29.97 ശതമാനത്തിൽ നിന്ന് 11.90 ശതമാനത്തിലേക്കും ഇന്ധന വിലനിലവാരം 3.38 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 1.76 ശതമാനത്തിലേക്കും കുറഞ്ഞു.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മാർച്ചിൽ 6.58 ശതമാനത്തിൽ നിന്ന് 5.91 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു.