വാഷിംഗ്‌ടൺ ഡി.സി : പ്രതിരോധ നടപടികൾ കരുത്താർജ്ജിക്കുമ്പോഴും ലോകരാജ്യങ്ങളിൽ കൊവിഡ്-19 സംഹാരതാണ്ഡവം തുടരുന്നു. ആഗോളതലത്തിൽ മരണം 1.28ലക്ഷം കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. ഇതിൽ 51,595 പേരുടെ നില അതീവ ഗുരുതരമാണ്.
അഞ്ചുലക്ഷത്തോളം പേർ രോഗവിമുക്തി നേടിയതാണ് നേരിയ ആശ്വാസം.ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചൊവ്വാഴ്ചയായിരുന്നു. ലോകത്താകെ 6,919 പേർ മരിച്ചു.
രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാമതെത്തിയ അമേരിക്കയിൽ
സ്ഥിതി രൂക്ഷമാണ്. രോഗികൾ ആറുലക്ഷം പിന്നിട്ടു. മരണം കാൽലക്ഷം കടന്നു. ഇന്നലെ മാത്രം 2,407മരിച്ചതോടെ ഏകദിന മരണനിരക്കിലും അമേരിക്ക ഒന്നാമതെത്തി.
ന്യൂയോർക്കിൽ മാത്രം ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. മരണം 10,000ത്തിലധികമായി. മസാച്യൂസെറ്റ്സ്, മിഷിഗൺ, കാലിഫോർണിയ, ന്യൂജേഴ്സി എന്നീ സംസ്ഥാനങ്ങളിലും രോഗം രൂക്ഷമാണ്.
ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിലും വൈറസ് വ്യാപനം വർദ്ധിക്കുകയാണ്.
ഫ്രാൻസിൽ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം ആറായിരത്തോളം കേസുകൾ പോസിറ്റീവായി. 1,43,303 രോഗികളിൽ 15,729 പേർ ഇതുവരെ മരിച്ചു.
ബ്രിട്ടണിൽ മരണം 12,000 പിന്നിട്ടു.
ജർമനിയിൽ 310 പേർ കഴിഞ്ഞ ദിവസം മരിച്ചു. ആകെ മരണം 3,495. ബെൽജിയത്തിൽ 4440 മരണം.
ഇറ്റലിയിലും സ്പെയിനിലും ഇറാനിലും മരണം കുറവുണ്ട്. സ്‌പെയിനിൽ 24 മണിക്കൂറിനുള്ളിൽ 523 പേർ മരിച്ചതോടെ ആകെ മരണം 18, 579.
ഇറ്റലിയിൽ ആകെ മരണം 21,000 കടന്നു.
ഇറാനിൽ 4, 777 മരണം
ആണവ യുദ്ധകപ്പൽ തിയോഡർ റൂസ്‌വെൽറ്റിൽ ആദ്യ കൊവിഡ് മരണം. യു.എസ് നാവികസേനാംഗമാണ് മരിച്ചത്.
ഐക്യരാഷ്ട്ര സഭയിലെ 189 ജീവനക്കാർക്ക് കൊവിഡ്. മൂന്നു പേർ മരിച്ചു.
അടിയന്തരാവസ്ഥ വ്യാപിപ്പിക്കില്ലെന്ന് ജപ്പാൻ.
ന്യൂസിലാൻഡിലും ആസ്ട്രേലിയയിലും രോഗവ്യാപനത്തിന് കുറവുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ല.
സിംഗപ്പൂരിൽ 3252 രോഗികളിൽ 59 പേർ ഇന്ത്യക്കാർ. രാജ്യത്ത് മാസ്ക് നിർബന്ധമാക്കി.
ഡെൻമാർക്കിൽ സ്കൂളുകൾ തുറന്നു.
ബുർക്കിനോഫാസോ, നിഗാർ എന്നീ പ്രദേശങ്ങൾക്ക് ഐ.എം.എഫ് സാമ്പത്തിക സഹായം നൽകും.
പാകിസ്ഥാനിൽ സാമ്പത്തിക മേഖലകളിൽ നിയന്ത്രണങ്ങൾക്ക് അയവ്.
ഏപ്രിൽ അവസാനം വരെ തായ്‌ലാൻഡിൽ വിമാനങ്ങൾക്ക് നിയന്ത്രണം.
ലോക്ക് ഡൗൺ നീട്ടി ലോകരാജ്യങ്ങൾ
ഇന്ത്യയെപ്പോലെ ബ്രിട്ടനും ഫ്രാൻസും നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചു. മെയ് 11 വരെ ലോക്ക് ഡൗൺ നീട്ടിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. ബ്രിട്ടനിൽ ലോക് ഡൗൺ ഒരു മാസം നീട്ടും. ജർമനിയിൽ വിലക്കുകൾ എത്രത്തോളം നീക്കണമെന്നത്തിൽ ചാൻസലർ ആംഗല മെർക്കൽ പ്രാദേശിക ഭരണകൂടങ്ങളുടെ അഭിപ്രായം തേടി. 288 പേർ മരിച്ച അയർലൻഡിൽ ലോക്ക് ഡൗൺ മെയ് 5 വരെ നീട്ടി.
ചൈനയിൽ നാലാം ദിവസവും അൻപതിലേറെ പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണം വീണ്ടും കർശനമാക്കി. രണ്ടാഴ്ച കൂടി നഗരങ്ങളിലെ ലോക്ക് ഡൗൺ നീട്ടാൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയ തീരുമാനിച്ചു. വ്യവസായ നിർമാണ മേഖലകൾ തുറന്നുകൊണ്ട് സ്‌പെയിൻ ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു.
ചില വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ഇറ്റലിയും തീരുമാനിച്ചു. ഡെന്മാർക്കും ഓസ്ട്രിയയും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചു. ഇളവുകൾ പരിധിവിട്ടാൽ വലിയ അപകടം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന ഈ രാജ്യങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.