കൊച്ചി: കൊവിഡ്-19നെ പ്രതിരോധിക്കാൻ ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ ലോക്ക് ഡൗൺ നീട്ടിയത് ക്രൂഡോയിൽ വിലയെ ഇന്നലെ 18 വർഷത്തെ താഴ്‌ചയിലേക്ക് തള്ളി. ബാരലിന് 2.24 ശതമാനം ഇടിവുമായി യു.എസ്. ക്രൂഡ് വില 2002ന് ശേഷമുള്ള ഏറ്രവും താഴ്‌ന്നനിലയായ 19.66 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 3.95 ശതമാനം ഇടിഞ്ഞ് 28.43 ഡോളറാണ്.
ഒരുവേള യു.എസ് ക്രൂഡ് 19.60 ഡോളറിലേക്കും ബ്രെന്റ് 19.11 ഡോളറിലേക്കും താഴ്ന്നിരുന്നു. ലോക്ക് ഡൗൺ മൂലം ഉപഭോഗം കുത്തനെ ഇടിഞ്ഞതാണ് ക്രൂഡോയിലിന് തിരിച്ചടിയാകുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഏപ്രിലിൽ ആഗോള എണ്ണ ഡിമാൻഡിൽ പ്രതിദിനം 2.90 കോടി ബാരലിന്റെ ഇടിവുണ്ടാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ) അഭിപ്രായപ്പെട്ടിരുന്നു. കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം ഡിമാൻഡാണിത്.
ആഗോള സമ്പദ്‌വളർച്ച ഈവർഷം എട്ടുപതിറ്റാണ്ടിലെ ഏറ്റവും മോശം വളർച്ചയായ നെഗറ്റീവ് മൂന്നു ശതമാനത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തലും ക്രൂഡോയിലിന് തിരിച്ചടിയായി. അതേസമയം, ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ വിലത്തകർച്ച നേട്ടമാണ്. ഇപ്പോൾ ഡിമാൻഡില്ലെങ്കിലും, കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങി സംഭരിക്കാനാകും. വ്യാപാരക്കമ്മി, ധനക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കുറയുകയും ചെയ്യും.
ഒപെക്കിന് തിരിച്ചടി
ക്രൂഡോയിൽ വില വർദ്ധിപ്പിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാഷ്‌ട്രങ്ങളും റഷ്യയുടെ നേതൃത്വത്തിൽ ഒപെക് ഇതര രാജ്യങ്ങളും ഉത്‌പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. എണ്ണവില ബാരലിന് 40-45 ഡോളറിലേക്ക് ഈ വർഷം എത്തിക്കാനായിരുന്നു ലക്ഷ്യം. ഇതിനിടെയാണ്, ഒട്ടേറെ രാജ്യങ്ങൾ ലോക്ക്ഡൗൺ നീട്ടിയതും ഡിമാൻഡ് കുറഞ്ഞതും. ഉത്‌പാദനം കുറച്ചാലും, വില കൂടാൻ ഇപ്പോൾ സാദ്ധ്യത വിരളമാണ്.
വില മാറാതെ ഇന്ത്യ
ലോക്ക് ഡൗൺ ആയതിനാൽ, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല. ക്രൂഡ് വില കുത്തനെ ഇടിഞ്ഞെങ്കിലും ഒന്നര മാസത്തിലേറെയായി പെട്രോളിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമാണ് വില.