കൊച്ചി: രൂപയുടെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കിലെത്തി. ഇന്നലെ 17 പൈസ ഇടിഞ്ഞ് 76.44ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്. ആഗോളതലത്തിൽ മറ്റു കറൻസികൾക്കെതിരെ ഡോളർ കാഴ്‌ചവച്ച മുന്നേറ്റവും ഓഹരി വിപണി നേരിട്ട തളർച്ചയുമാണ് രൂപയെ വലച്ചത്. ഇന്നലെ മൂല്യം ഒരുവേള 75.99ലേക്ക് മെച്ചപ്പെടുകയും 76.48ലേക്ക് ഇടിയുകയും ചെയ്‌തിരുന്നു.
വരും ദിനങ്ങളിൽ മൂല്യം 76.50ന് താഴേക്ക് ഇടിയാനുള്ള സാദ്ധ്യതയുണ്ട്. ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് ഓഹരി വിപണികൾ തളർന്നത്. സെൻസെക്‌സ് 1,200ലേറെ പോയിന്റ് ആടിയുലഞ്ഞു. വ്യാപാരാന്ത്യം 310 പോയിന്റിടിഞ്ഞ് 30,379ലാണ് സെൻസെക്‌സ്. 68 പോയിന്റ് ഇടിഞ്ഞ് നിഫ്‌റ്റി 8,925ലും.