തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലുള്ള ആരോഗ്യപ്രവർത്തകർക്ക് മാനസിക പിന്തുണയും വിഷു ആശംസയും നേർന്ന് സിനിമാ താരങ്ങൾ. ജയറാം, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, കാളിദാസ്, ഗായകൻ ജി. വേണുഗോപാൽ എന്നിവരാണ് ആരോഗ്യ പ്രവർത്തകർക്ക് വീഡിയോ കോൺഫറൻസിലൂടെ വിഷു ആശംസകളുമായി എത്തിയത്. മന്ത്രി കെ.കെ.ശൈലജയുടെ സാന്നിദ്ധ്യത്തിൽ ജില്ല മെഡിക്കൽ ഓഫീസർമാർ, ജില്ല പ്രോഗ്രാം മാനേജർമാർ, കൊവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 350 ഓളം ആരോഗ്യപ്രവർത്തകർ അതത് ആശുപത്രികളിൽ നിന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
ലോക്ക് ഡൗൺ പിൻവലിച്ചാൽ കാസർകോട് മുതൽ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യപ്രവർത്തകരെ നേരിട്ട് കണ്ട് അഭിനന്ദിക്കണമെന്നാണ് ആഗ്രഹമെന്ന് ജയറാം പറഞ്ഞു.
ഇത്രയും ചെയ്യാൻ മാത്രമേ കഴിയുന്നുള്ളൂ എന്ന കുറ്റബോധമുണ്ടെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. രോഗം ഭേദമായി രോഗികൾ വീടുകളിലേക്ക് പോകുന്നത് വാർത്തകളിലൂടെ കാണുമ്പോൾ കണ്ണ് നിറയാറുണ്ടെന്നും ഫഹദ്.
ആരോഗ്യപ്രവർത്തകരോടൊപ്പം കളിയും ചിരിയുമായാണ് മഞ്ജു വാര്യർ എത്തിയത്. 'ചെമ്പഴുക്ക... ചെമ്പഴുക്ക' എന്ന ഗാനം ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരോടൊപ്പം നിരവധി ഗാനങ്ങൾ പാടുകയും ചെയ്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാമൂഹ്യ അവബോധമുണ്ടാക്കുന്നതിന് ഗായകൻ ജി.വേണുഗോപാൽ തയ്യാറാക്കിയ ആൽബം മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു. ആരോഗ്യ പ്രവർത്തകർക്കായി വേണുഗോപാൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
നാടിന്റെ നന്മയെ കരുതി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി സമയം കണ്ടെത്തിയ എല്ലാവർക്കും മന്ത്രി കെ.കെ.ശൈലജ നന്ദി അറിയിച്ചു.
എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൽ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സരിത, എസ്.എച്ച്.എസ്.ആർ.സി എക്സി.ഡയറക്ടർ ഡോ.കെ.എസ്.ഷിനു എന്നിവർ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നു പങ്കെടുത്തു.